Asianet News MalayalamAsianet News Malayalam

മഴ സംസ്ഥാനത്ത് ദുരിതപ്പെയ്ത്തായി; വടക്ക് മഴ തുടരുന്നു, തെക്ക് മാനം തെളിഞ്ഞു

കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്.  

rain continues in some areas of northern kerala south experiencing better weather
Author
Kozhikode, First Published May 16, 2021, 2:04 PM IST

കോഴിക്കോട്/കൊച്ചി/തിരുവനന്തപുരം: ടൗട്ടേ കേരളത്തെ തൊട്ടില്ലെങ്കിലും, ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പെയ്ത മഴ സംസ്ഥാനത്ത് ദുരിതപ്പെയ്ത്തായി. വടക്കൻ കേരളത്തിൽ മഴ തുടരുകയാണ്. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ. 

വടക്കൻ കേരളം

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്.  ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് വിവരമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാ‍ർഡിന്റെ സഹായം തേടിയിട്ടുണ്ട്. 

വടകര അഴിത്തല മുതല്‍ കുരിയാടി വരെ നാല് കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി താഴ്ന്നുപോയി. പ്രദേശത്ത് നൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്. കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. അതുകൊണ്ട് തന്നെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. 

കാസര്‍ക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി 523 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ പഴശി ഡാമിന്‍റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ചെങ്ങളായി, വളപട്ടണം, ബാവലി പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുര, കാരാപ്പുഴ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. പാലക്കാട് ജില്ലയിലെ ആനക്കര കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലെ പഞ്ചായത്ത് കിണര്‍ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. വയനാട്ടിലെ പേരിയയില്‍ വീടിന് മുകളിലേക്ക് മരം വീണ് കുട്ടിക്ക് പരിക്കേറ്റു.

മഴയും കടല്‍ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്.

മധ്യകേരളം

മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. ചെല്ലാനത്ത് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇടുക്കിയിലും തൃശ്ശൂരും പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി.

തൃശൂർ നഗരതിലും തീരദേശത്തും മഴ തുടരുകയാണ്. കൊടുങ്ങല്ലൂർ, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിലായി 354 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗുരുവായൂരിൽ കിഴക്കേ ഗോപുരത്തിലെ താഴിക കുടത്തിന്റെ ഒരു ഭാഗം അടർന്നു വീണു. ചിമ്മിനി, പെരിങ്ങൽക്കുത്ത് ഡാമുകളിലെ ജലനിരപ്പുയർന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴയിൽ മൽസ്യ ബന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ഇടുക്കിയിൽ മഴ തുടരുന്നെങ്കിലും ശക്തമായ കാറ്റ് കുറഞ്ഞതിനാൽ കാര്യമായ നാശനഷ്ടങ്ങളില്ല. പീരുമേട് മേഖലയിലാണ് മഴ കൂടുതൽ. 205 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 17 വീടുകൾ പൂര്‍ണ്ണമായും 258 വീടുകള്‍ക്ക് ഭാഗികമായും തകർന്നു. മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകൾ തുറന്ന് വിട്ടിരിക്കുകയാണ്.

രണ്ടു ദിവസം തിമിർത്തു പെയ്ത മഴക്ക് എറണാകുളത്തും കുറവുണ്ട് ചെല്ലാനത്ത് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടർന്ന് 
ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളം പേർ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി. നായരമ്പലത്ത് പുഴയിൽ വെള്ളം ഉയർന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. വേലിയിറക്ക സമയത്തും വീടുകളിൽ നിന്നും വെള്ളമിറങ്ങുന്നില്ല. വെള്ളം കയറിയതിനെ തുടർന്ന് നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചു. 

ഭൂതത്താൻ കെട്ട് അണക്കെട്ടിൻ്റെ ഏഴു ഷട്ടറുകൾ തുറന്നു വിട്ടിരിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 8 ക്യാമ്പുകളിലായി 151 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.


തെക്കൻ കേരളം

തിരുവനന്തപുരത്ത് തകർന്ന ശംഖുമുഖം - എയർപോർട്ട് റോഡിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും കടലാക്രമണമുണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്.

ശംഖുമുഖത്ത് തീരത്തോട് ചേർന്ന എയർപോർട്ട് റോഡ് പൂർണമായും തകർന്ന നിലയിൽ. വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂർ മേഖലകളിൽ നാശനഷ്ടങ്ങൾ തുടരുന്നു. കൂടുതൽ വീടുകൾ അപകട ഭീഷണിയിലാണ്. വലിയതുറ പാലം കൂടുതൽ അപകടാവസ്ഥയിലായി. സാധാരണ കടൽക്ഷോഭം ഉണ്ടാകാത്ത ഇടങ്ങളിൽ ഇത്തവണ കടലാക്രമണം രൂക്ഷമായതും, ശംഖുമുഖത്തടക്കം തീരസംരക്ഷണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ വലിയനാശനഷ്ടങ്ങളും തീർക്കുന്നത് വലിയ പ്രതിസന്ധിയാണ്.

തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊല്ലത്തും പത്തനംതിട്ടയിലും തെളിഞ്ഞ കാലാവസ്ഥയാണ്. കൊല്ലത്ത് ചില മേഖലകളിൽ മാത്രമാണ് മഴ. കടൽക്ഷോഭത്തിനും കുറവുണ്ട്. പത്തനംതിട്ടയിൽ മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. അണക്കെട്ടുകളിൽ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മൂഴിയാർ അണക്കെട്ട് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മണിമലയാറിലെ ജലനിരപ്പ് ഇപ്പോഴും അപകരമായ നിലയാമെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios