തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ കുറയുകയാണെന്ന് റിപ്പോര്‍ട്ട്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞു വരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്ത തെക്കന്‍ ജില്ലകളില്‍ കാര്യമായ മഴയില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. എറണാകുളത്ത്  ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഇപ്പോള്‍ ഇവിടെ മഴ കുറഞ്ഞ അവസ്ഥയാണ്. 

കൊല്ലത്ത് രാത്രിയിൽ മഴ പെയ്തിരുന്നു. ഇപ്പോള്‍ മഴ നിലച്ചിട്ടുണ്ട്.  ജില്ലയിലെ ആറ് താലൂക്കുകളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു. നിലവിൽ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. 

കോട്ടയത്തും ശക്തമായ മഴയില്ല. പാലായിൽ നിന്നും വെള്ളമിറങ്ങിയിട്ടുണ്ട്. മീനച്ചിലാറ്റിലും ജലനിരപ്പ് താഴ്ന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ നേരിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ  43 ദുരിതാശ്വാസ ക്യാമ്പുകളിലായി 1412 പേരാണുള്ളത്. ഇടുക്കിയിലും ഇപ്പോള്‍ ശക്തമായി മഴ പെയ്യുന്നില്ല.