Asianet News MalayalamAsianet News Malayalam

Rain: എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളിൽ കനത്തമഴ,വെള്ളക്കെട്ട്,ഗതാഗത കുരുക്ക്,9എൻഡിആർഎഫ് സംഘങ്ങൾ കേരളത്തിൽ

കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിലെ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു വീണു.ശക്തമായ മഴയിലും കാറ്റിലും ആയിരുന്നു അപകടം

Rains to continue: Waterlogging in Kochi, traffic jams, 9 NDRF teams in Kerala
Author
First Published Aug 30, 2022, 10:17 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. കോട്ടയം,എറണാകുളം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയെന്നും ജാഗ്രത നിർദേശം ഉണ്ട്.കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം.

 

എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കലൂർ അടക്കമുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ട് . കലൂർ സ്റ്റേഡിയം റോഡ് വെള്ളത്തിൽ മുങ്ങി.കലൂർ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഹൈക്കോടതിക്കു മുന്നിലും വലിയ വെള്ളക്കെട്ട് ഉണ്ട്. കലൂരിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു വീണു. മെട്രോ സ്റ്റേഷന് മുന്നിലാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും ആയിരുന്നു അപകടം. അതേസമയം പെരിയാർ അടക്കമുള്ള പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല

പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. 

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ  കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ  വെള്ളത്തിന്റെ വരവും കൂടി . എന്നാൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിട്ടില്ല. നീരേറ്റുപുറം, കാവാലം, നെടുമുടി, ചമ്പക്കുളം മങ്കൊമ്പ്, പള്ളാത്തുരുത്തി, വീയപുരം, പള്ളിപ്പാട് മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  ഇന്ന് അവധി പ്രഖ്യാപിച്ചു.

 

ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്.

കാസർകോട് കാനത്തൂരിൽ ചെറിയ കുന്നിടിഞ്ഞു.  കുണ്ടുച്ചിയിൽ കുമാരൻ എന്നയാളുടെ വീടിന്റെ പുറക് വശത്തേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല.  പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 9 എൻ ഡി ആർ എഫ് സംഘങ്ങൾ കേരളത്തിൽ സജ്ജമായി . ചെന്നൈ ആരക്കോണത്ത് നിന്നും ഏഴ് എൻഡിആർഎഫ് സംഘങ്ങൾ കേരളത്തിലെത്തി. ഇവർ വയനാട്, കണ്ണൂർ, മലപ്പുറം പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ വിന്യസിച്ചു. സംസ്ഥാനത്തുണ്ടായിരുന്ന രണ്ട് സംഘങ്ങളെ തൃശൂരിലും ഇടുക്കിയിലും ആയി വിന്യസിച്ചു

Follow Us:
Download App:
  • android
  • ios