Asianet News MalayalamAsianet News Malayalam

സിപിഎം ഇടപെട്ടു, തലശ്ശേരി നഗരസഭ മുട്ടുമടക്കി; 36 ദിവസത്തിന് ശേഷം രാജ് കബീറിന്റെ ഫർണീച്ചർ കട തുറന്നു

നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി കണ്ടതിന് പിന്നാലെയാണ് നഗരസഭ ഉദ്യോഗസ്ഥർ എത്തി കട തുറന്നു കൊടുത്തത്

Raj Kabeers furniture shop reopened after 36 days
Author
First Published Aug 27, 2022, 12:15 PM IST

കണ്ണൂർ: തലശ്ശേരി മിനി വ്യവസായ പാർക്കിൽ നഗരസഭ പൂട്ടിയ ഫർണീച്ചർ സ്ഥാപനം തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫർണീച്ചർ കട തുറന്നു നൽകിയത്. ഫർണീച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി കണ്ടിരുന്നു. ജില്ലാ കമ്മറ്റി നിർദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നൽകിയിരുന്നു. നഗരസഭയ്ക്ക് എതിരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ പത്ത് മണിയോടെ നേരിട്ടെത്തി കടലാസുകൾ കൈമാറിയത്. ഹൈക്കോടതി നിർദേശപ്രകാരമുള്ള പിഴ രാജ് കബീർ അടച്ചത്. 36 ദിവസത്തിന് ശേഷമാണ് ഫ‌ർണീച്ചർ കട തുറന്നത്.

'കട തുറന്നതിൽ സന്തോഷം, ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുത്'

36 ദിവസം പൂട്ടിയിട്ട സ്ഥാപനം തുറക്കാനായതിൽ സന്തോഷമുണ്ടെന്ന് രാജ് കബീർ പ്രതികരിച്ചു. രാവിലെ നഗരസഭ ഉദ്യോഗസ്ഥ‌ സ്ഥാപനം തുറക്കാനുള്ള അനുമതി കൈമാറി. മറ്റ് കാര്യങ്ങളെല്ലാം പിന്നീട് സംസാരിക്കാം എന്നാണ് നഗരസഭ പറഞ്ഞത്. 36 ദിവസം താൻ അനുഭവിച്ചത് കേരളത്തിലെ മറ്റൊരു വ്യവസായിക്കും ഉണ്ടാകരുത് എന്നും രാജ് കബീർ പറഞ്ഞു. ഫർണീച്ചർ സ്ഥാപനം മകനെ ഏൽപിക്കുകയാണ്. സിപിഎം പ്രാദേശിക നേതാക്കൾ തനിക്കൊപ്പം നിന്നു. അവർക്കും നഗരസഭയ്ക്കും ഒപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോടും നന്ദി അറിയിക്കുകയാണെന്ന് രാജ് കബീർ പ്രതികരിച്ചു.

വ്യവസായം മുടങ്ങിയതിനാൽ നാടുവിട്ട ദമ്പതികളെ കണ്ടെത്തി,ഭരണത്തെ കരുതിക്കൂട്ടി ആക്രമിക്കാൻ ശ്രമമെന്ന് ചെയർപേഴ്സൺ

ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭയ്ക്കെതിരെ, ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് കത്തെഴുതി വച്ച് ചൊവ്വാഴ്ച നാടുവിട്ട രാജ് കബീറിനെയും ഭാര്യയേയും, വെള്ളിയാഴ്ച്ച പുലർച്ചെയാണ് കൊയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. രാജ് കബീറിന്‍റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാൻ നഗരസഭ സമ്മതിക്കാത്തതിന്റെ നിരാശയിലാണ് നാടുവിട്ടതെന്ന് രാജ് കബീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.  

തലശ്ശേരി മിനി വ്യവസായ പാർക്കിലെ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് മുൻ വശം ഷീറ്റ് ഇട്ടു എന്ന് ആരോപിച്ചാണ് നാലര ലക്ഷം പിഴ ഒടുക്കാൻ നഗരസഭ നിർദേശിച്ചത്. കൊവിഡിൽ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യർത്ഥിച്ച് പലതവണ രാജ് കബീർ സമീപിച്ചെങ്കിലും ജൂലൈ 27ന് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയിൽ പോയി രാജ് കബീർ അനുകൂല വിധി നേടി. പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്ന ഉത്തരവ്, പക്ഷെ നഗരസഭ അവഗണിച്ചു. തുടർന്നാണ് കത്തെഴുതി വച്ച് ദമ്പതിമാർ നാടുവിട്ടത്. 

ഇതിനിടെ ദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി രംഗത്തെത്തിയിരുന്നു. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്നായിരുന്നു ജമുനാ റാണിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് വിഷയത്തിൽ സിപിഎം ഇടപെട്ടതും നഗരസഭയുടെ നടപടി തിരുത്തിച്ചതും. 
 

Follow Us:
Download App:
  • android
  • ios