ഇടുക്കി: രാജമല മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ് രക്ഷാപ്രവർത്തകർ. 

തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.  കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഡിഎൻഎ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.