ഇടുക്കി: രാജാപ്പാറയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുള്ള നിശാപ്പാർട്ടി, മന്ത്രി എംഎം മണിക്കും, സിപിഎമ്മിനുമെതിരെ ആയുധമാക്കി കോൺഗ്രസ്. സിപിഎമ്മിന് ഒരുകോടി കൊടുത്താൽ എന്ത് ആഭാസവും ചെയ്യാനുള്ള ലൈസൻസ് കിട്ടുമെന്നാണ് കോൺഗ്രസ് പരിഹാസം.

ശാന്തൻപാറയിൽ പുതുതായി തുടങ്ങിയ തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി എംഎം മണിയാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സിപിഎം ഭരിക്കുന്ന ഉടുമ്പൻചോല പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപയുടെ സഹായം തണ്ണിക്കോട് ഗ്രൂപ്പ് പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ നിശാപാർട്ടിയും ബെല്ലി ഡാൻസും വിവാദത്തിൽപ്പെട്ടതോടെ, ക്വാറിക്ക് അനുമതി നൽകിയതിനെതിരെയും ആരോപണമുയരുകയാണ്.

കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് നേതാക്കൾ ശാന്തൻപാറയിലെത്തിയത്. ക്വാറിക്കും ഒപ്പം സിപിഎമ്മിനുമെതിരെ സമരം ശക്തമാക്കാനാണ് കോണ്ഗ്രസ് നീക്കം. അതേസമയം വിവാദങ്ങളിൽ പ്രതികരിക്കാൻ സിപിഎം തയ്യാറായിട്ടില്ല.