തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഗവര്‍ണറുടെ ഓഫീസ്. ഹര്‍ജി ഫയൽ ചെയ്തതിനെ കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും. ഭരണഘടനാ തലവൻ എന്ന നിലയിൽ ഹര്‍ജി ഫയൽ ചെയ്യുന്ന വിവരം അറിയിക്കേണ്ട ബാധ്യത ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന ആക്ഷേപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവര്‍ത്തിച്ച് ആരോപിക്കുന്നുമുണ്ട് . 

ഗവര്‍ണറുടെ ഏറ്റവും പുതിയ പ്രതികരണം കാണാം: 

സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ ഗവര്‍ണറാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയൽ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം .

തുടര്‍ന്ന് വായിക്കാം:  "ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ തന്നെ"; വിട്ടുവീഴ്ചക്കില്ലാതെ ഗവര്‍ണര്‍... 

റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഹർജി ഫയൽ ചെയ്യും മുമ്പ് ഗവർണ്ണറുടെ അനുമതി വേണം എന്ന് വ്യവസ്ഥയാണ് രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത്. ഭരണ ഘടനയുടെ 166 ആം അനുച്ഛേദം ചട്ടം 34(2) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഗവര്‍ണറുടെ ഓഫീസ് വാദിക്കുന്നു. ഗവര്‍ണറുടെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എതിരെ നിയമ നടപടി എടുത്തെങ്കിൽ അക്കാര്യത്തിൽ  വേണമെങ്കിൽ വിശദീകരണം തേടാമെന്നാണ് രാജ് ഭവൻ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയിൽ മാത്രമല്ല തദ്ദേശ വാര്‍ജ് വിഭജന ഓര്‍ഡിനൻസിലും സര്‍ക്കാരുമായി കൊമ്പ് കോര്‍ക്കുന്ന നിലപാടാണ് ഗവര്‍ണറര്‍ സ്വീകരിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് പറയുമ്പോഴും ഭരണഘടനാപരമായി ഗവര്‍ണര്‍ക്കുള്ള അവകാശത്തെ മറികടന്നതിലുള്ള അതൃപ്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ ആവര്‍ത്തിക്കുന്നത്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ജിനൻസിലാകട്ടെ നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഗവര്‍ണര്‍ ഓര്‍ഡിനൻസിൽ ഒപ്പിടാനോ തിരിച്ചയക്കാനോ തയ്യാറാകാത്തത് സര്‍ക്കാരിനെ ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത് . 

തുടര്‍ന്ന് വായിക്കാം : ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍: തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍...

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തുകയാണ്. വിശദമായ വാര്‍ത്താ സമ്മേളനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും എന്നും വിവരമുണ്ട്. പൗരത്വ നിയമത്തിനെതിരെ ഗവര്‍ണറുടെ അനുമതിയില്ലാതെ സുപ്രീംകോടതിയിൽ പോയത് പ്രോട്ടോകോൾ പ്രശ്നത്തിനപ്പുറം ചട്ടലംഘനം എന്ന തലത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് രാജ്ഭവന്‍റെ നീക്കമെന്നാണ് സൂചന. 

തുടര്‍ന്ന് വായിക്കാം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന മനസിലായിട്ടില്ലെന്ന് യെച്ചൂരി...