കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിലക്ക് ലംഘിച്ച് സ്വീകരണപരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. രജിത് തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന രജിത് പൊലീസുമായി സംസാരിക്കുകയും ഇന്നു തന്നെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. രജിതിന്‍റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്ഥിരീകരിച്ച രജിത് കുമാര്‍ സ്വദേശമായ ആറ്റിങ്ങലില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. രജിതിനെ തേടി ആറ്റിങ്ങല്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും താന്‍ ഇന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുമെന്ന് ഇദ്ദേഹം അറിയിച്ചതായാണ് വിവരം. സ്റ്റേഷനിലേക്ക് വരുന്ന കാര്യം രജിത് നെടുമ്പാശ്ശേരി പൊലീസിനേയും അറിയിച്ചിട്ടുണ്ട്. 

രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കൊല്ലം  ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ കലക്ടറുടെ നിർദേശപ്രകാരം രജിത്കുമാറടക്കം എഴുപത്തിയഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായവരെ കൂടാതെ രജിതിനെ സ്വീകരിക്കാനെത്തിയ മറ്റു അന്‍പതോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് ആളുകളെ തിരിച്ചറി‍ഞ്ഞിത്. അറസ്റ്റിലായ പ്രതികളെയെല്ലാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നതടക്കം എല്ലാ പൊതുപരിപാടികളും കർശനമായി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കുന്നതിനിടയിലാണ് വിമാനത്താവള പരിസരത്ത് നിയമം ലംഘിച്ച്  നൂറുകണക്കിനാളുകൾ ഒത്തുകൂടിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർക്ക് വിഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സിയാൽ മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി വി. എസ്. സുനിൽ കുമാർ നിർദ്ദേശം നൽകിയിരുന്നു.