Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

rajkumar's family will try to meet chief minister pinarayi vijayan today
Author
Idukki Dam, First Published Jul 1, 2019, 7:11 AM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രാജ്കുമാറിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. രാജ്‍കുമാറിന്‍റെ അമ്മയും ഭാര്യയും ഭാര്യാസഹോദരൻ ആന്‍റണിയുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം, ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ അനുഭാവപൂർവമായ തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡി മർദ്ദനം സ്ഥിരീകരിച്ച സാഹചര്യത്തിൽ എവിടെ വച്ചായിരുന്നു മർദ്ദനം, ആരാണ് മ‍‍ർദ്ദിച്ചത് തുടങ്ങിയ വിവരങ്ങളാണ് സംഘം തേടുന്നത്. കസ്റ്റഡി മർദ്ദനം നടന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സംഘം ഇന്ന് തെളിവെടുത്തേക്കും. രാജ്കുമാറിന്റെ വാഗമണിലെ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴിയും രേഖപ്പെടുത്തും.

രാജ്കുമാറിന് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി കേസെടുക്കണമെന്നാണ് രാജ് കുമാറിന്‍റെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഇടുക്കി എസ്പി അടക്കമുള്ളവരുടെ ഇടപെടൽ സംശയിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. 

മുഖ്യമന്ത്രിയിൽ നിന്ന് അനുഭാവപൂർണ്ണമായ മറുപടി ലഭിച്ചില്ലെങ്കിൽ നാളെ മുതൽ കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും. കോൺഗ്രസും, ബിജെപിയും സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നാളെ വാഗമണ്ണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്. സമരവുമായി സിപിഐ യുവജന സംഘടനയായ എഐവൈഎഫും രംഗത്തുള്ളത് സർക്കാരിന് തിരിച്ചടിയാണ്.

Follow Us:
Download App:
  • android
  • ios