ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനായി യുജിസി നിർദേശിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർഗരേഖ ഒരു വിഭാഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനായി യുജിസി നിർദേശിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ യുജിസി ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്നും, ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാംപസുകൾ എന്ന് പറഞ്ഞ കോടതി കേന്ദ്രസർക്കാറിന് നോട്ടീസയച്ചു. ചട്ടങ്ങളിൽ വ്യക്തത വരുത്താനും കോടതി സർക്കാറിനോട് നിർദേശിച്ചു. വിഷയത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനി ഹർജിയിൽ മാർച്ച് 19ന് കോടതി വാദം കേൾക്കും. നേരത്തെ സുപ്രീംകോടതിയുടെ തന്നെ നിർദേശ പ്രകാരമാണ് യുജിസി മാർഗരേഖ പുറത്തിറക്കിയത്. മാർഗരേഖ ഒരു വിഭാഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.


