ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാർ, പ്രതിയായ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങളോരോന്നായി പുറത്തുവരുമ്പോഴും പരാതി കൊടുക്കാതെ നിക്ഷേപകർ. പരാതിയുമായി ചെന്നാൽ തങ്ങൾക്കെതിരെയും പൊലീസ് കേസെടുക്കുമോയെന്നാണ് പലരുടേയും ഭയം.

പകുതിയിൽ നിന്നുപോയ വീട് പണി പൂർത്തിയാക്കാൻ, ലോണ്‍ ഉപകരിക്കുമെന്ന് കരുതിയാണ് തൂക്കുപാലം സ്വദേശിയായ ഒരു വീട്ടമ്മ രാജ്കുമാറിന്റെ ഹരിതാ ഫിനാൻസിൽ പണം നിക്ഷേപിച്ചത്. ആയിരം രൂപയടച്ചാൽ ഒരു ലക്ഷം വായ്പ കിട്ടുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ ശാലിനിയാണ് ഇവരുടെ നാട്ടിലെത്തി 14 പേരുടെ സംഘം രൂപീകരിച്ചതും 14000 രൂപ നിക്ഷേപമായി വാങ്ങിയതും. എന്നാൽ പറഞ്ഞ സമയത്ത് ലോണ് കിട്ടിയില്ല.

പരാതി കൊടുക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് രാജ്കുമാറിന്റെ മരണത്തെക്കുറിച്ച് അറിയുന്നതെന്ന് വീട്ടമ്മ പറയുന്നു. പരാതിയുമായി പോയാൽ തങ്ങളും കേസിൽപ്പെട്ടുപോകുമോയെന്നാണ് നിക്ഷേപകരുടെയെല്ലാം ഭയം. മിച്ചം പിടിച്ചുണ്ടാക്കിയ പൈസ പോയാലും വേണ്ടില്ല, കേസും പൊല്ലാപ്പും പിടിക്കാനില്ലെന്നാണ് ഇവർ പറയുന്നത്. ഹരിതാ ഫിനാൻസിന്റെ തട്ടിപ്പിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഇതുപോലുള്ള വീട്ടമ്മമാരാണ്. വമ്പന്മാരും പണം നിക്ഷേപിച്ചവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ നാണക്കേട് ഭയന്ന് ഇവരും പരാതി കൊടുക്കാനില്ല.