ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണ  കേസില്‍ നിർണായക വെളിപ്പെടുത്തലുമായി രാജ്‌കുമാറിന്റെ സഹതടവുകാരൻ സുനില്‍ രംഗത്തെത്തി. രാജ്‌കുമാറിനെ ജയിലിലേക്ക്  കൊണ്ടു വന്നത് സ്ട്രക്ച്ചറിൽ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും  സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അവശനിലയിലാണ് രാജ്‍കുമാറിനെ ജയിലിലേക്ക് കൊണ്ടുവന്നത്. ജയിയില്‍ വച്ചും രാജ്‍കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു. ജയിൽ ഉദ്യോഗസ്ഥർ തെറി പറഞ്ഞു. ജയിലിലുണ്ടായിരുന്ന മൂന്നു ദിവസവും ഒരു തുള്ളി വെള്ളം പോലും രാജ്‍കുമാര്‍ കുടിച്ചില്ല . നെഞ്ചു വേദന എടുക്കുന്നുണ്ടെന്ന് കരഞ്ഞു  പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും സുനില്‍ ആരോപിച്ചു.

മറ്റു തടവുകാരും ഇക്കാര്യം തുറന്നുപറയുമെന്നും  സുനിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ വ്യാഴാഴ്ച ആണ്
ജാമ്യത്തിൽ ഇറങ്ങിയത്. ജൂണ്‍ 17  മുതല്‍ 21 വരെയാണ്  രാജ്‍കുമാര്‍ പീരുമേട് ജയിലില്‍ ഉണ്ടായിരുന്നത്


സുനിലിന്‍റെ വാക്കുകള്‍...

"ജയിലിലേക്ക് കൊണ്ടുവന്നത് സ്ട്രെച്ചറിലാണ്. കാലൊക്കെ തൂങ്ങിക്കിടക്കുവാരുന്നു. പിറ്റേന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി, വൈകിട്ട് കൊണ്ടുവന്നു. അതിന് അടുത്ത ദിവസവും ആശുപത്രിയില്‍ കൊണ്ടുപോയി. ആംബൂലന്‍സില്‍ 13 പേരാണ് കയറിയത്-എട്ട് പൊലീസുകാര്, ഡ്രൈവര്‍, മൂന്ന് രോഗികള്. സ്ട്രെച്ചറില്‍ കിടത്തേണ്ട ആളിനെ ചെരിച്ചിരുത്തി കാലൊക്കെ കുത്തിയൊടിച്ചാണ് കൊണ്ടുപോയത്. എനിക്കിരിക്കാന്‍ വയ്യാന്ന് പറഞ്ഞ് അയാള് അലറിക്കരയുവാരുന്നു. എന്നിട്ടും അവിടെ ഇരിക്കെടാ എന്ന് പറഞ്ഞ് പൊലീസുകാര് പിടിച്ചിരുത്തുവാരുന്നു. പോകുന്ന വഴിയില്‍ അയാള്‍ക്കിട്ട് തൊഴിച്ചെന്നും പറഞ്ഞു. അന്ന് വൈകിട്ട് തിരിച്ച് കൊണ്ടുവന്ന് കഴിഞ്ഞ് ഒരു തുള്ളി വെള്ളമോ ആഹാരമോ കഴിച്ചിട്ടില്ല. സബ്ബ് ജയിലിലെ പൊലീസുകാരെല്ലാം വന്ന് തെറി പറയുന്നൊക്കെയുണ്ടായിരുന്നു. കഴിക്കാനൊന്നും വയ്യാരുന്നു. മൂത്രം പോലും പോയിട്ടില്ല. ചത്ത ശവം കണക്കെയായിരുന്നു അയാള്. വൈകിട്ട് ഏഴ് മണി മുതല്‍ നെഞ്ചുവേദന എടുക്കുന്നെന്ന് പറഞ്ഞ് കരച്ചിലാരുന്നു. രാത്രി മുഴുവന്‍ കരച്ചിലാരുന്നു. ഒരു പൊലീസുകാരന്‍ വന്ന് എന്തോ ഗുളിക കൊടുത്തു. സാറേ ഇച്ചിരി വെള്ളം തരുവോന്ന് ചോദിച്ചു, അയാള്‍ തിരിഞ്ഞുനോക്കുമ്പോഴേക്ക് രാജ്‍കുമാര്‍ തലചെരിഞ്ഞ് വീണു. മരിച്ചാരുന്നു അന്നേരം. മരിച്ചിട്ടാണ് പൊലീസുകാര് ആശുപത്രീല്‍ കൊണ്ടുപോയത്."