സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂര്‍ നെഹ്റു കുടുംബത്തെ ദുരുപയോഗം ചെയ്തെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവ‍ര്‍ ച‍ര്‍ച്ചയിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. 

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാൻ തരൂരിനെ രാജ്മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. താൻ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കിൽ തരൂര്‍ മാപ്പ് പറയാൻ തയ്യാറാവണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം'; വിമതനായിട്ടല്ല മത്സരിച്ചത്, വലിയ പിന്തുണ കിട്ടിയെന്നും തരൂര്‍

തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടര്‍ പട്ടിക എന്റെ കൈവശമുണ്ട്. പോളിംഗിന് വന്നവ‍ര്‍ ഒപ്പിട്ട ലിസ്റ്റും എന്റെ കൈവശമുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ അധികമായി വോട്ട് ചെയ്തുവെന്ന് തെളിയിച്ചാൽ ഞാൻ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം.

അതേ സമയം, തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശി തരൂരും തുടർ നീക്കങ്ങൾ നടത്തുകയാണ്. പാർട്ടിക്കകത്ത് മാറ്റങ്ങൾക്കുള്ള നീക്കം തുടരാനാണ് ശശി തരൂരിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് വിശ്വസ്തരുമായി തരൂർ ചർച്ച നടത്തിക്കഴിഞ്ഞു. സംഘടനാ മാറ്റങ്ങൾക്കായി ശക്തമായി വാദിക്കാനാണ് തരൂര്‍ ക്യാംമ്പിന്‍റെ തീരുമാനം. വലിയ എതിര്‍പ്പുണ്ടായിട്ടും കേരളത്തിൽ പകുതി വോട്ടർമാർ കൂടെ നിന്നെന്ന് ആണ് വിലയിരുത്തൽ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂർ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമമ്പോൾ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടി നയരൂപീരണത്തില്‍ കണക്കിലെടുക്കണമെന്ന ആവശ്യവും തരൂര്‍ ശക്തമാക്കാനിടയുണ്ട്. തരൂരിന്‍റ തുടര്‍നീക്കങ്ങള്‍ എഐസിസിയും നിരീക്ഷിക്കുകയാണ്.