''യുഡിഎഫിൽ പ്രശ്നമുണ്ടാക്കാൻ കുറേ കാലമായി അസീസ് ശ്രമിക്കുന്നു''. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ആര് പണം കൊടുത്തു, ആര് വാങ്ങിയെന്ന് അസീസ് തെളിയിക്കട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പേയ്‍മെന്‍റ് സീറ്റാണെന്ന ആരോപണമുന്നയിച്ച ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസിനെതിരെ നടപടി ആവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുഡിഎഫിൽ പ്രശ്നമുണ്ടാക്കാൻ കുറേ കാലമായി അസീസ് ശ്രമിക്കുന്നു. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ആര് പണം കൊടുത്തു ആര് വാങ്ങിയെന്ന് അസീസ് തെളിയിക്കട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ (jebi mather)പണം കൊടുത്ത് വാങ്ങിയതാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തിൽവെച്ച് ആരോപിച്ചത്. ജെബി മേത്തറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ അതൃപ്തിയും വിമര്‍ശനവും ഉയരവേയാണ് ഘടകക്ഷി നേതാവിന്റെ ആരോപണം. ആരോപണം വിവാദമായതോടെ അസീസ് മലക്കം മറിഞ്ഞു. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നുമാണ് അസീസിന്റെ പ്രതികരണം.
ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തി.
