ആർഎസ്പി ഇപ്പോഴും യുഡിഎഫിൻറ ഭാഗമാണെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തത് എന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് 

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ (Jebi Mather) പണം കൊടുത്താണ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്ന് ആർഎസ്പി (RSP) സംസ്ഥാന സെക്രട്ടറി എ എ അസീസ് (A A Asees). ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും അസീസ് വിശദീകരിച്ചു. ആർഎസ്പി ഇപ്പോഴും യുഡിഎഫിൻറ ഭാഗമാണെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തത് എന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പേയ്‍മെന്‍റ് സീറ്റാണ്, ജെബി മേത്തര്‍ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അസീസ് ആദ്യം പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനമാണെന്നും വിശദീകരിച്ച് അസീസ് രംഗത്തെത്തിയത്.

വിവാദപരാമര്‍ശത്തില്‍ അസീസിനെതിരെ നടപടിയെടുക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണ്. യുഡിഎഫിൽ പ്രശ്നമുണ്ടാക്കാൻ കുറേ കാലമായി അസീസ് ശ്രമിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ആരാണ് പണം കൊടുത്തതെന്നും അത് ആര് വാങ്ങിയെന്നും അസീസ് തെളിയിക്കട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു.

ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയായിരുന്നു തീരുമാനം. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്‍റില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. 

കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്‍റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് എംപിയായി അയക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന്‍ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.