Asianet News MalayalamAsianet News Malayalam

മാനസയെ കൊലപ്പെടുത്താൻ സുഹൃത്ത് ഉപയോഗിച്ചത് നാടൻ തോക്ക്! വാങ്ങിയത് കണ്ണൂരിൽ നിന്ന്?

നാടൻ തോക്കാണ് കൊലപാതകത്തിനായി രഖിൽ ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതെവിടെ നിന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് പൊലീസ്

Rakhil used Locally made gun to shoot Manasa Kothamangalam murder
Author
Thiruvananthapuram, First Published Jul 30, 2021, 9:38 PM IST

തിരുവനന്തപുരം: മാനസയുടെ മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് തിരയുകയാണ് പൊലീസ്. മാനസയെ തൊട്ടടുത്ത് നിന്ന് നിരീക്ഷിച്ച് പഴുതടച്ച് ആസൂത്രണം നടത്തിയ കൊലപാതകം പൊലീസിനെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. 7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രഖിൽ ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചതാണ് എന്ന അന്വേഷണത്തിലാണ് പൊലീസ്.

നാടൻ തോക്കാണ് കൊലപാതകത്തിനായി രഖിൽ ഉപയോഗിച്ചതെന്ന് വ്യക്തമായി. ഇതെവിടെ നിന്ന് കിട്ടിയെന്ന അന്വേഷണത്തിലാണ് പൊലീസ്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം ഭാഗത്ത് നിന്നോ കണ്ണൂരിൽ നിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നാണ് കേരള പൊലീസിലെ ആയുധ വിദഗ്ദ്ധൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്.

'നാടൻ തോക്കാണ് ഇത്,' രഖിൽ ഉപയോഗിച്ച തോക്കിന്റെ ചിത്രം കണ്ട ശേഷം, പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ അദ്ദേഹം പറഞ്ഞു. 'ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാനാവുന്നതാണ് ഇത്തരം പിസ്റ്റളുകൾ. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് ഈ പിസ്റ്റളിന്റെ മറ്റൊരു പ്രത്യേകത. ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെ കൊടുക്കണം. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രധാനമായും യുപി, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഈ ടൈപ്പ് പിസ്റ്റളിന്റെ വില.'

Read More: മാനസയുടെ കൊലപാതകം പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലെന്ന് പൊലീസ്

'കേരളത്തിൽ നിയമവിരുദ്ധ വിപണിയിൽ 60000 രൂപ മുതൽ 70000 വരെ ചെലവുണ്ടാകും. വെറും 500 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഉള്ളംകൈയ്യിൽ ഒതുങ്ങിയിരിക്കും. 20 സെന്റിമീറ്ററോളമാണ് ബാരലിന്റെ നീളം. കേരളത്തിൽ വിദഗ്ദ്ധരായ കൊല്ലപ്പണിക്കാർക്ക് ഇത്തരം തോക്കുകൾ പണിയാനറിയും.' എങ്കിലും നിർമ്മിച്ച് വാങ്ങിയതാവാൻ സാധ്യതയില്ലെന്നും മറ്റാരുടെയെങ്കിലും കൈയ്യിലുണ്ടായിരുന്ന തോക്ക് വാങ്ങിയതാവുമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഒരു മാസമായി നിരീക്ഷണം

ഇന്റീരിയർ ഡിസൈനറായ രഖിലും മാനസയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. അടുത്ത സൗഹൃദത്തിന് ശേഷം ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നു. ഈ വൈരാഗ്യമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂലൈ നാലിന് മാനസയെ തേടി രഖിൽ നെല്ലിമറ്റത്ത് എത്തി. മാനസ താമസിച്ച വീടിന് നേരെ എതിർവശത്തുള്ള കെട്ടിടത്തിൽ മുറി വാടകയ്ക്ക് എടുത്ത് താമസമാക്കി.  

എന്നാൽ മാനസ രഖിലിനെ ഒരു തവണ പോലും കണ്ടിരുന്നില്ല. മാനസ കാണാതെ, പെൺകുട്ടിയെ നിഴൽ പോലെ പിന്തുടരുന്നതിൽ രഖിൽ വിജയിച്ചുവെന്നാണ് കരുതുന്നത്. രഖിലിനെതിരെ അടുത്തകാലത്ത് മാനസയുടെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതും വൈരാഗ്യം കൂട്ടി. കഴിഞ്ഞയാഴ്ച ഇയാൾ സ്വന്തം നാട്ടിൽപ്പോയിരുന്നു. തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. മാനസ ഇന്ന് ഭക്ഷണം കഴിക്കാൻ താമസസ്ഥലത്ത് എത്തിയപ്പോഴായിരുന്നു രഖിൽ പൊടുന്നനെ വീട്ടിലേക്ക് കയറി വന്ന് കൃത്യം നടത്തിയത്.

പിസ്റ്റൾ സംഘടിപ്പിച്ചത് എവിടെ നിന്ന്?

നെല്ലിമറ്റത്ത് താമസം തുടങ്ങിയ ശേഷം ഇയാൾ ഒരൊറ്റ തവണയാണ് കണ്ണൂരിൽ പോയത്. അതും കഴിഞ്ഞയാഴ്ച. തിങ്കളാഴ്ച മടങ്ങിയെത്തി. ഈ പോക്കിലാണ് പിസ്റ്റൾ സംഘടിപ്പിച്ചതെന്നാണ് കരുതുന്നത്. രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി രഖിലിന്റെ ഫോൺരേഖകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇയാളുടെ പ്രകോപനത്തിന് കാരണമാകുന്ന എന്തെങ്കിലും സംഭവങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.

Read More : പൊട്ടിത്തെറിച്ച് മാനസ, മുറിയിലേക്ക് തള്ളിക്കയറി രാഖിൽ

'നീയെന്തിനാണ് ഇവിടെ വന്നത്?'

ഒരു മാസമായി തന്നെ നിരീക്ഷിച്ച് നെല്ലിമറ്റത്തുള്ള രഖിലിനെ ഇന്ന് ഉച്ചയ്ക്കാണ് മാനസ കണ്ടത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസ  തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് കൊലയാളി എത്തിയത്. രാഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ  ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി. യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട ഭയന്ന മാനസയുടെ കൂട്ടുകാരികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണകൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി മുകളിലത്തെ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് വെടിയേറ്റ നിലയിൽ ഇരുവരേയും കണ്ടത്. മാനസയ്ക്ക് നേരിയ അനക്കമുണ്ടായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ക്ലോസ് റേഞ്ചിൽ വെടി

മാനസയെ വലിച്ച് മുറിയിൽ കയറിയ രഖിൽ അധികം താമസിയാതെ തന്നെ നിറയൊഴിച്ചിരുന്നു. കൊല നടത്തുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് രഖിൽ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്ലോസ് റേഞ്ചിൽ നിന്ന് മാനസയുടെ ചെവിക്ക് പുറകിലായാണ് വെടിയുണ്ട തറച്ചത്. പിന്നാലെ രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios