വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി

കോട്ടയം: അയോധ്യയിൽ ബാബ്‌രി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കോട്ടയത്ത് തടഞ്ഞു. പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. ഇവര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ പൊലീസെത്തി ഡോക്യുമെന്ററി പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കോളേജിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിൻവലിച്ച വിദ്യാര്‍ത്ഥികൾ പിന്നീട് ഡോക്യുമെന്ററി കോളേജ് കോമ്പൗണ്ടിന് അകത്ത് പ്രദര്‍ശിപ്പിച്ചു.

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം. അയോധ്യയിൽ ബാബ്‌രി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികൾ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്