മലപ്പുറം: കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തുന്ന ഇടനിലക്കാരനാണ്. സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് വീട്ടിൽ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. 

സ്വർണ്ണം മറിച്ച് വിൽക്കാൻ ഇടനിലക്കാരനായും സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടാക്കിയതും റമീസ് വഴിയാണെന്നാണ് സൂചന. റമീസുമായി മറ്റ് നാല് പേർക്കെങ്കിലും ഈ കേസിൽ ബന്ധമുണ്ട്. അവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. നേരത്തെ ഒരു സ്വർണ്ണക്കടത്ത് കേസിലും മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ൽവാളയാറിലാണ് ഇയാൾ രണ്ട് മാനുകളെ മറ്റ് നാല് പേർക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസൻസുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്. 

റിയൽ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങൾ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അപരിചതരായ പലരും ഇയാളെത്തേടി രാത്രികാലത്തും മാറ്റും വീട്ടിലെത്തിയിരുന്നു. പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതേച്ചൊല്ലി പരസ്യമായ തർക്കങ്ങൾ നടന്നപ്പോൾ പരിസരവാസികൾ ഇടപെട്ട് താക്കിത് നൽകിയിരുന്നു.