Asianet News MalayalamAsianet News Malayalam

ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര്‍ എന്നെ ബാധിക്കില്ലെന്ന് സിപിഎം മനസ്സിലാക്കണം: രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഓരോ അഴിമതിയും  തുറന്നുകാട്ടിയതിന്റെ പേരില്‍  നിരന്തരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഞാന്‍.
 

Ramesh chennitha attacks CPM
Author
Thiruvananthapuram, First Published Oct 3, 2021, 11:49 AM IST

തിരുവനന്തപുരം: സിപിഎമ്മിനെതിരെ (CPM) ഫേസ്ബുക്ക് (Facebook) പോസ്റ്റുമായി കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല(Ramesh Chennithala). പാര്‍ട്ടി ചുമതലകളില്‍ നിന്ന് ചെന്നിത്തല രാജിവെച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്. 

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഓരോ അഴിമതിയും  തുറന്നുകാട്ടിയതിന്റെ പേരില്‍  നിരന്തരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഞാന്‍. സത്യസന്ധമായി പൊതുപ്രവര്‍ത്തനം  നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര്‍ എന്നെ ബാധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം അഴിച്ചുവിടുന്ന ആക്രമണം  അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും ഞാന്‍ രാജിവച്ചത് കെപിസിസി പ്രസിഡന്റിനെ ചുമതല ഏല്‍പ്പിക്കാന്‍ വേണ്ടിയാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ട പിറ്റേ ദിവസം നല്‍കിയ രാജി ആയിരുന്നു അത്. 'ചെന്നിത്തല രാജിവച്ചു' എന്ന കൃത്രിമ തലക്കെട്ടുകള്‍ കൊടുക്കുവാന്‍ വേണ്ടി മാധ്യമങ്ങള്‍ ഈ അവസരം  ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ  എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണ്. രാഷ്ട്രീയപരമായി അവര്‍ക്ക് നേരിടാന്‍ കഴിയില്ല  എന്നു വരുമ്പോള്‍ അവര്‍ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകള്‍ കൊണ്ടും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കച്ചകെട്ടി ഇറങ്ങും. 

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എല്‍ ഡി എഫ് സര്‍കാരിന്റെ ഓരോ അഴിമതിയും  തുറന്നുകാട്ടിയതിന്റെ പേരില്‍  നിരന്തരമായി വേട്ടയാടപ്പെട്ട  ഒരു വ്യക്തിയാണ് ഞാന്‍. നേരിട്ട് കളത്തിലിറങ്ങി പരിക്കേല്‍ക്കാതിരിക്കാന്‍ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു  കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവര്‍. സത്യസന്ധമായി പൊതുപ്രവര്‍ത്തനം  നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര്‍ എന്നെ ഒട്ടും തന്നെ ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണം.കെപിസിസി പ്രസിഡണ്ട് ശ്രീ സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം  അപലപനീയമാണ്. 

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകള്‍ ചൂണ്ടിക്കാണിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കള്ള കേസുകള്‍ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോള്‍ അത് തെളിയിക്കുന്നത് ആ നേതാവ്  സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവെന്ന്.മന്ത്രിമാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറച്ചു പിടിക്കാന്‍ വേണ്ടി യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണം.
ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമ ധര്‍മ്മം പാലിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 

കെപിസിസിയുടെ താഴെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും ഞാന്‍ രാജിവച്ചത് കെപിസിസി പ്രസിഡണ്ടിനെ ഏല്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നല്‍കിയ രാജി ആയിരുന്നു അത്. 'ചെന്നിത്തല രാജിവച്ചു' എന്ന കൃത്രിമ തലക്കെട്ടുകള്‍ കൊടുക്കുവാന്‍ വേണ്ടി മാധ്യമങ്ങള്‍ ഈ അവസരം  ഉപയോഗിക്കരുത് എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
 

Follow Us:
Download App:
  • android
  • ios