തിരുവനന്തപുരം: വർഗീയ വോട്ടുകൾ വാങ്ങിയല്ല തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന കെ ബി ഗണേഷ് കുമാറിന്‍റെ പരാമർശം ഭരണ പ്രതിപക്ഷ വാക്പോരിലേക്ക് നയിച്ചു. ഗണേഷിനെ പിന്തുണച്ച് മുഖ്യമന്ത്രിയും, എതിർത്ത് പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ സഭാതലം വാഗ്വാദത്തിലേക്ക് നീങ്ങി. യുഡിഎഫിനെ വഞ്ചിച്ച് ഗണേഷ് കുമാര്‍ കാലുമാറിയെന്ന ഷാഫി പറമ്പിലിന്‍റെ പ്രസ്താവനയാണ് തർക്കത്തിന് തുടക്കമിട്ടത്. 

ഷാഫിയുടെ പ്രസ്‍താവനയ്ക്ക് എതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചു. ഓട് പൊളിച്ചു വന്നതല്ല, വർഗീയ വോട്ട് അല്ലെന്നായിരുന്നു ഗണേഷിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ ഗണേഷിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചു. ഇതിനിടെ പ്രതിപക്ഷത്തെ ഒരംഗം ഗണേഷിന്‍റെ അടുത്തെത്തി ബഹളമുണ്ടാക്കിയെന്നും ഇത് സഭാ നടപടികൾക്ക് ചേർന്നതല്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണേഷ് കുമാറിന് പിന്തുണയുമായെത്തി. ഗണേഷിനെ പിന്തുണച്ച് മന്ത്രിമാരും എത്തിയതോടെ പ്രതിപക്ഷ ബെഞ്ചിൽ ആകെ ബഹളമായി. ഒടുവിൽ ആരാണ് ആക്രോശിച്ചതെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ഇരു വിഭാഗവും ശാന്തരായത്.