ഇടപാടിന്‍റെ രേഖകൾ ഉടൻ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇടപാടുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 2024-ൽ കേരളം വൻ തുക തിരികെ നൽകേണ്ടി വരുമെന്നും ഇത് നഷ്ടമാണെന്നും ആരോപിച്ച ചെന്നിത്തല കിഫ്ബി ഉടായിപ്പ് പദ്ധതിയാണെന്ന വാദം ആവർത്തിച്ചു.
കോഴിക്കോട്: കിഫ്ബി മസാല ബോണ്ടിനെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ആരോപിച്ച ചെന്നിത്തല ലാവലിനുമായി CDPQ-വിന് വലിയ ബന്ധമുണ്ടെന്ന് ആവർത്തിച്ചു. CDPQവിൽ ലാവലിന് വലിയ ഓഹരി നിക്ഷേപമുണ്ടെന്നും ഉയർന്ന പലിശ നൽകിയാണ് മസാല ബോണ്ട് CDPQ വാങ്ങിയത് എന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
ഇടപാടിന്‍റെ രേഖകൾ ഉടൻ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇടപാടുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 2024-ൽ കേരളം വൻ തുക തിരികെ നൽകേണ്ടി വരുമെന്നും ഇത് നഷ്ടമാണെന്നും ആരോപിച്ച ചെന്നിത്തല കിഫ്ബി ഉടായിപ്പ് പദ്ധതിയാണെന്ന വാദം ആവർത്തിച്ചു. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകൾ സർക്കാർ പരിശോധിച്ചില്ലെന്നും കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയിൽ നിന്ന് വാങ്ങിയ കടത്തേക്കാൾ ഉയർന്ന പലിശ നൽകേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകുന്നു.
എന്താണ് മസാല ബോണ്ട്?
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
