Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിലെ ഉന്നതനാര്? മുഖ്യമന്ത്രി ഒളിച്ചിരിക്കുന്നു; സമാധാനം തകർക്കാൻ സംഘപരിവാർ ശ്രമം: ചെന്നിത്തല

മന്ത്രിമാർക്ക് വരെ പങ്കുണ്ടെന്ന കാര്യത്തിലേക്ക് എത്തുമ്പോഴാണ് സമരം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം

Ramesh Chennithala against CPM and BJP on gold smuggling and manilal murder
Author
Thiruvananthapuram, First Published Dec 7, 2020, 10:55 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഫ് വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾ എൽഡിഫ് ഭരണത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു. ഭരണഘടന സ്‌ഥാനം വഹിക്കുന്ന ഉന്നതൻ സ്വർണക്കടത്തിൽ ഉണ്ടെന്നത് ഗൗരവതരമാണ്. അതാരാണെന്ന് സർക്കാർ അന്വേഷിച്ചിട്ടുണ്ടോ? അതാരാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധം കെട്ട് വീഴും. രാഷ്ട്രീയ നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായിരിക്കുന്നു. അന്വേഷണ ഏജൻസികൾക്ക് എതിരെ സമരം നടത്തുന്നത് ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണ്. മന്ത്രിമാർക്ക് വരെ പങ്കുണ്ടെന്ന കാര്യത്തിലേക്ക് എത്തുമ്പോഴാണ് സമരം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണം.

റിവേഴ്സ് ഹവാല അടക്കമുള്ള കാര്യങ്ങൾക്ക് സഹായം ചെയ്ത ഉന്നതനാരാണ്? സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് പ്രചാരണത്തിന് വരാത്തത്. സർക്കാരിന്റെ നേട്ടങ്ങൾ ഒന്നും പറയാൻ  ഇല്ലാത്തത് കൊണ്ടാണ് പുറത്ത് വരാത്തത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഒളിച്ചിരിക്കുകയാണ്. 

മണിലാലിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയാണിത്. പ്രതിക്ക് ബിജെപിയിൽ അംഗത്വം നൽകിയത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഇന്നത്തെ സിപിഎം എവിടെ നിൽക്കുന്നു എന്നതിന്റെ പ്രതീകമാണ്. ഇന്ന് സർക്കാരിൽ നിന്നും ജനങ്ങൾ അകന്നു നിൽക്കേണ്ട ഗതികേടിലാണ്. കേരളത്തിൽ ഭരണ മാറ്റത്തിന് സമയമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജീവ്‌ ഗാന്ധി ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ഗോൾവാർക്കാരുടെ പേരിട്ടത് ശരിയല്ല. നെഹ്റു ട്രോഫി വിഷയത്തിൽ വി മുരളീധരന്റെ ജവഹർലാൽ നെഹ്റുവിന് എതിരായ പ്രതികരണം ശരിയല്ല. കാര്യങ്ങൾ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കണം. ഇക്കാര്യത്തിൽ തരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരായത് കൊണ്ട് മുഖ്യമന്ത്രിക്ക് ഇറങ്ങാം. ഞങ്ങളൊക്കെ പറഞ്ഞത് കൊണ്ടാണ് അവിടെയെങ്കിലും ഇറങ്ങിയത്. പല സ്‌ഥലങ്ങളിലും സിപിഎം-ബിജെപിയുമായി ധാരണയാണ്. കൊല്ലത്തെ കൊലപാതകം ശക്തമായി അപലപിക്കുന്നു. സിപിഎം പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് ആർ എസ് എസ് ഇങ്ങനെ കൊലപാതകം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios