തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തെ സര്‍ക്കാര്‍ വന്ധ്യംകരിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ക്രമക്കേടുകൾക്കെതിരെ തുടർച്ചയായി പരാതി നൽകിയിട്ടും വിജിലൻസ് ഡയറക്ടർ അനങ്ങിയിട്ടില്ല.ഒന്നും മറച്ച് വക്കാനില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. അങ്ങനെ എങ്കിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അനധികൃത നിയമനങ്ങളെ കുറിച്ച് പരാതി പറഞ്ഞ് രണ്ട് മാസമായിട്ടും അന്വേഷിക്കാൻ വിജിലൻസ് തയ്യാറായിട്ടില്ലെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. 

കള്ളക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുകയാണ്. കള്ളക്കടത്തിൽ പങ്കാളി യായ പ്രിൻസിപ്പൽ സെക്രട്ടറിയെ 12 ദിവസം മുഖ്യമന്ത്രി സംരക്ഷിച്ചു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നുകിലത് പച്ചക്കള്ളം അല്ലെങ്കിൽ കഴിവില്ലായ്മയായി മാത്രമെ കാണാനാകു. അധികാര കസേരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അള്ളിപ്പിടിച്ച് ഇരിക്കുകയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു