തിരുവനന്തപുരം: പിടിപ്പുകേട് കൊണ്ട് മാത്രം സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കുളമാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയെ കുറിച്ചോ വാര്‍ഡ് വിഭജനത്തെ കുറിച്ചോ യാതൊരു ധാരണയും സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

വാര്‍ഡ് വിഭജനം നടത്താൻ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനൻസിനെതിരെ ഗവര്‍ണര്‍ക്ക് കത്ത് നൽകിയത്. ഗവര്‍ണറാണ് ഓര്‍ഡിനൻസിൽ ഒപ്പിടേണ്ടത് എന്നത് കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാനെ തന്നെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. വാര്‍ഡ് വിഭജനം വേണമെങ്കിൽ അത്  നേരത്തെ തന്നെ ആലോചിച്ച് സര്‍ക്കാരിന് ചെയ്യാമായിരുന്നു.

തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ തിരക്കിട്ട് വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കിയത് രാഷ്ട്രീയ താൽപര്യം മാത്രം മുൻനിര്‍ത്തിയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു, സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടും. കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു . 

ദോശ ചുടന്ന ലാഘവത്തോടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാകില്ല. വോട്ടര്‍ പട്ടികയെ കുറിച്ചൊ വാര്‍ഡ് വിഭജനത്തെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നത് . വാര്‍ഡ് വിഭജന ഓര്‍ഡിനൻസിനെതിരെ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ശരിയാണെന്നും എന്നാൽ പൗരത്വ നിയമഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയുടെ കാര്യത്തിൽ ഗവര്‍ണര്‍ പരിധി ലംഘിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.