Asianet News MalayalamAsianet News Malayalam

'പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം': വിമര്‍ശിച്ചാല്‍ ജയിലിലടക്കുമെന്ന ഭീഷണിയാണിതെന്ന് ചെന്നിത്തല

സിപിഎം സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് ചെന്നിത്തല.

ramesh chennithala against pinarayi vijayan controversial police act
Author
Thiruvananthapuram, First Published Nov 22, 2020, 3:20 PM IST

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതിയിലുള്ളത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. 

ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സിപിഎമ്മിനും ഇടതു സര്‍ക്കാരിനുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം എന്ന് വ്യക്തമാകുന്നു. വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിതെന്ന് ചെന്നിത്തല പറഞ്ഞു.  

അഭിപ്രായ പ്രകടനങ്ങളോ വാര്‍ത്തകളോ വ്യക്തിഹത്യയാണെന്ന് പൊലീസിന് തോന്നിയാല്‍ കേസെടുക്കാം എന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലീസ് എങ്ങിനെ തീരുമാനിക്കും എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്ന് വരുന്നത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. അപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള  സി പിഎം സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് വ്യക്തമാകുന്നു. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിന്‍സ് കൊണ്ടുവന്നത് തന്നെ വരാന്‍ പോകുന്ന  തിെഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കൊണ്ട് സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന്  ലക്ഷ്യം മുന്‍ നിര്‍ത്തി മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചര്‍ത്തു.  

ഐ ടി  ആക്റ്റ് 2000 ത്തിലെ  66 എ വകുപ്പും, 2011 ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് കണ്ട് 2015  സെപ്തംബറില്‍ സുപ്രീംകോടതി റദ്ദാക്കിയതാണ്.  ചിന്തകളു അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശം പരിപാവനമായാണ് ഭരണഘടന കരുതുന്നെന്നാണ് ഈ കേസിലെ വിധി പ്രസ്താവിച്ച് കൊണ്ട് അന്നത്തെ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ്മാര്‍ പറഞ്ഞത്. ഈ വിധിയെ അന്ന് ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് സി പിഎം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീംകോടതി റദ്ദാക്കിയ 66 എ നിയമത്തിനെക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു മാധ്യമ മാരണ നിയമം ഓര്‍ഡിന്‍സായി കൊണ്ടുവന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  

Follow Us:
Download App:
  • android
  • ios