തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെ കുറ്റപ്പെടുത്തുന്ന പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കാസർകോട് ചന്തേര മയക്കുമരുന്ന് കേസിൽ പ്രധാനികളെ പിടികൂടിയതായും ലഹരി മാഫിയക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോൽവിയുടെ പേരിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നത്. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയുന്ന പിണറായി, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളെയും തള്ളിപ്പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് എം.എൽ.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വന്ദേമാതരം മുഴുവൻ പാടുന്നത് അടിച്ചേൽപ്പിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണ്. സ്ത്രീകൾ പൊതുരംഗത്ത് വരരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകളോട് യോജിപ്പില്ല. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് ചന്തേരയിൽ 129 ഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രധാന കണ്ണികളായ രണ്ട് പേരെ കാസർകോട് പോലീസ് പിടിയിലാക്കിയതായി ചെന്നിത്തല അറിയിച്ചു. മധ്യപ്രദേശ് സ്വദേശി റിയാ ഖാൻ, ഘാന പൗരനായ വിക്ടർ എന്നിവരാണ് പിടിയിലായത്. ഇവരെ കാസർകോട്ടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കേസിൽ പിടിയിലായയാൾ മുൻപ് മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തപ്പോൾ വലിയ ആരോപണങ്ങൾ ഉന്നയിക്കുകയും 'ഓപ്പറേഷൻ തൂഫാൻ' അവസനിച്ചുവെന്ന് പരിഹസിക്കുകയും ചെയ്ത സി.പി.എം നിലപാടിനെയും ചെന്നിത്തല വിമർശിച്ചു. അധികാരത്തിലിരുന്നപ്പോൾ ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത പിണറായി വിജയനാണ് ഇപ്പോൾ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നത് അതിശയകരമാണ്. ചന്തേര കേസിൽ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി തന്നെയാണ്. യൂത്ത് കോൺഗ്രസുകാരനായാലും ഡി.വൈ.എഫ്.ഐക്കാരനായാലും ലഹരി വിറ്റാൽ പിടികൂടും. തങ്ങളുടെ കൂടെ ഫോട്ടോ എടുത്തെന്ന പേരിൽ പൊലീസും സർക്കാരും ആരെയും സംരക്ഷിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.