Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ആയെന്ന് ചെന്നിത്തല

കേരളത്തിൽ നടക്കുന്നത് കൺസൽട്ടൻസി രാജാണ്. കൂടെ ഇരുന്ന ആളിന്‍റെ സാമര്‍ത്ഥ്യം മനസിലാക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിക്കുകയാണ്. 

ramesh chennithala against pinarayi vijayan
Author
Trivandrum, First Published Jul 19, 2020, 2:19 PM IST

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട വിധത്തിലാണ്സാഹചര്യങ്ങളുടെ പോക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പ്രതിയുടെ മൊഴി ഇതാണ് സൂചിപ്പിക്കുന്നത്.  ഓഫീസിൽ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാലാണ്. 

കൂടെ ഇരുന്ന ആളിന്‍റെ സാമര്‍ത്ഥ്യം മനസിലാക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് . കോടിയേരി ബാലകൃഷ്ണൻ പോലും മുഖ്യമന്ത്രിയുടെ നടപടി അത്ഭുതമാണെന്നാണ് പറ‍ഞ്ഞത്. മികച്ച ഭരണാധികാരി ആണെന്ന തോന്നൽ ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായി വിജയൻ മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്‍റേത് മികച്ച ഭരണമോ അല്ല. 

 കേരളത്തിൽ നടക്കുന്നത് കൺസൽട്ടൻസി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നൽകിയത് ടെണ്ടര്‍ പോലും ഇല്ലാതെയാണ്. ഇത് ആരുടെ താൽപര്യം അനുസരിച്ചായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെബി കരിമ്പട്ടികയിൽ പെടുത്തിയിട്ടും അതേ കമ്പനിയെ കൺസൾട്ടൻസി കരാര്‍ നൽകിയത് എന്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞേ മതിയാകു. ഒരു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട്  നൽകാത്തതിനാലാണോ ഒഴിവാക്കിയത്. അവ്യക്തത നീക്കിയേ തീരു എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സെക്രട്ടേറിയേറ്റിൽ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ഓഫീസ് തുറക്കാൻ ഫയൽ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ്. അല്ലാതെ ഏതോ ഒരു ഉദ്യോഗസ്ഥന്‍റെ കുറിപ്പല്ല, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമതയില്ലെന്ന പരാമര്‍ശം ജീവനക്കാരെ അപമാനിക്കുന്നതാണ്. 

പിആര്‍ ഏജൻസികൾ ഉണ്ടാക്കുന്ന ഹൈപ്പിന് അധികം ആയുസ്സുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സോപ്പു കുമിളയുടെ ആയുസ്സേ അതിനുള്ളു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്‍റെ കാര്യം എടുത്താൽ  സർക്കാർ പ്രവർത്തനത്തിൽ പാളിച്ച വ്യക്തമാണ്. ഇക്കാര്യത്തിൽ 
തിരുത്തൽ പ്രക്രിയ വേണം. ശത്രു മുന്നിലെത്തിയിട്ടില്ല. യുദ്ധം തുടങ്ങുന്നതിന് മുൻപ് ജയിച്ചു എന്ന പ്രചാരണം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

Follow Us:
Download App:
  • android
  • ios