Asianet News MalayalamAsianet News Malayalam

പിഎസ്‍സി ചെയര്‍മാന് രാജാവിനേക്കാൾ വലിയ രാജഭക്തി; ചെന്നിത്തല

കരാര്‍ നിയമനങ്ങൾ നടത്തുന്ന സര്‍ക്കാരിനെ വെള്ളപൂശാനാണ് പിഎസ് സി ചെയർമാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് 

ramesh chennithala against psc chairman
Author
Trivandrum, First Published Aug 16, 2020, 2:50 PM IST

തിരുവനന്തപുരം: ഒരു കാലത്തും ഇല്ലാത്ത വിധം അനധികൃത കരാര്‍ നിയമനങ്ങൾ അരങ്ങ് തകര്‍ത്തിട്ടും സര്‍ക്കാരിനെ വെള്ളപൂശാനാണ് പിഎസ് സി ചെയര്‍മാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്.

സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ പി.എസ്.സി ചെയര്‍മാന്‍ അത് നിഷേധിക്കുന്നത് രാജാവിനെക്കാള്‍ വിലിയ രാജഭക്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: ഏഷ്യാനെറ്റ് പരമ്പരയോട് പ്രതികരിച്ച് പിഎസ്‍സി ചെയ‍ർമാൻ: 'ഉദ്യോഗാർഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്...  

ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ  സ്വപ്‌നയെപ്പോലുള്ളവര്‍ വന്‍ശമ്പരളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്ത് പിഎസ്‍സി വഴിയുള്ള നിയമനങ്ങള്‍ മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയര്‍മെന്റ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പകരം എല്ലായിടത്തും സ്വന്തം പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും പിന്‍വാതിലിലൂടെ നിയമിക്കുകയാണ്. പകല്‍ പോലെ തെളിഞ്ഞു കഴിഞ്ഞ ആ സത്യം നിലനില്‍ക്കെയാണ് കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍ പറയുന്നത്.

ഉമാദേവി കേസിലെ സുപ്രീംകോടതി വിധി പോലും ലംഘിച്ചു കൊണ്ടാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. അതിനാല്‍ കരാര്‍ നിയമനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് പിഎസ്‍സി വഴി നിയമനം നടത്തണമെന്ന് പിഎസ്‍സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.
നൂറിലധികം റാങ്കു ലിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ലാപ്‌സായത്.  നാമമാത്രമായ നിയമനങ്ങള്‍ മാത്രമേ അതില്‍ നടന്നിട്ടുള്ളൂ.

സിവില്‍ പൊലീസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ്, ഇംഗ്ലീഷ് ലക്ച്ചറര്‍ തുടങ്ങിയ ഒട്ടേറെ ലിസ്റ്റുകളില്‍ പേരിന് മാത്രം നിമനം നടന്നു. നഴ്‌സുമാരുടെ റാങ്ക് ലിസ്റ്റ് വെറുതെ കിടക്കുമ്പോള്‍ താത്ക്കാലിക്കാരെ നൂറു കണക്കിനാണ് നിയമിക്കുന്നത്. സി.ഡിറ്റില്‍ താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു. 53 സ്ഥാപനങ്ങളില്‍ നിമനം പിഎസ്‍സിക്ക് വിട്ടിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാതെ പിന്‍വാതില്‍ നിമനം നടത്തുകയാണ്.

അതിനാല്‍ താത്ക്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിച്ച് പിഎസ്‍സി വഴി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



 

Follow Us:
Download App:
  • android
  • ios