തിരുവനന്തപുരം : ലോകോത്തര സംവിധായകനായ അടൂർഗോപാകൃഷ്ണനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ശബരിനാഥന്‍ എംഎല്‍എയുടെ വീട്ടിലെത്തി. ആൾക്കൂട്ട ആക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രിക്ക് കത്തയച്ചത്തിന്റെ പേരിലാണ് ബിജെപി ഇപ്പോൾ അടൂർ ഗോപാലകൃഷ്ണനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നും ജയ് ശ്രീറാം വിളികളോടെ ആൾക്കൂട്ട ആക്രമണം നടത്തുന്നവർ യഥാർത്ഥത്തിൽ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.

സാഹോദര്യവും സമാധാനവും രാജ്യത്ത് പുലരണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് അടൂർ ഗോപാലകൃഷ്ണനും മറ്റു 48 പ്രമുഖരും കത്തിൽ എഴുതിയതെന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. ആൾക്കൂട്ട കൊലപാതകം മൂലം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തല താഴ്ത്തേണ്ട അവസ്ഥയിലാണ്. ആരെയും രാജ്യവിരോധിയായി മുദ്രകുത്തുകയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന ബി ജെ പി യുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അടൂർ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഈ കാടത്തം കേരളത്തിൽ അനുവദിക്കില്ലെന്നും ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരെഞ്ഞുപിടിച്ചു അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ഒറ്റപെടുത്തണമെന്നു രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

ഗോപാലകൃഷ്ണനിൽ നിന്നും ലോകമറിയുന്ന അടൂർ ഗോപാലകൃഷ്ണനിലേക്ക് ഏറെ ദൂരമുണ്ടെന്നും അത് സംസ്കാരസമ്പന്നരായ മലയാളികൾക്ക് നന്നായിട്ട് അറിയാമെന്നും സന്ദര്‍ശന വിവരം പങ്കുവച്ച് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിനാഥന്‍റെ കുറിപ്പ്

ശ്രീ അടൂർ ഗോപാലകൃഷ്ണനെ സന്ദർശിക്കുവാൻ ബഹു: പ്രതിപക്ഷനേതാവിനോടൊപ്പം അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി. കേരളത്തനിമ വിളിച്ചോതുന്ന ആ വീട്ടിൽ പുസ്തകങ്ങളോടൊപ്പം ഒറ്റക്കാണ് ശ്രീ അടൂർ കഴിയുന്നത്. ഈ ഏകാന്തതയിലും എഴുത്തിന്റെയും വായനയുടെയും സാംസ്കാരിക പ്രവർത്തനത്തിന്റെയും ലോകത്തിലാണ് അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഇന്ത്യയിലെ പ്രമുഖരായ നാല്പത്തിഒമ്പത് സാംസ്കാരിക പ്രവർത്തകർ ഒരു തുറന്ന കത്ത് എഴുതിയപ്പോൾ അദ്ദേഹവും ശക്‌തമായി ഇതിനോടൊപ്പം അണിചേർന്നു. ഇതാണ് ബിജെപിയുടെ ശ്രീ ഗോപാലകൃഷ്ണനെ ഫേസ്സ്ബുക്കിലൂടെ ശ്രീ അടൂരിനെക്കുറിച്ചു മ്ലേച്ഛമായി, സംസ്കാരശൂന്യമായ വിമർശനം അഴിച്ചുവിടാൻ പ്രേരിപ്പിച്ചത്.

മറ്റൊന്നും പറയാനില്ല, പക്ഷേ ഗോപാലകൃഷ്ണനിൽ നിന്നും ലോകമറിയുന്ന അടൂർ ഗോപാലകൃഷ്ണനിലേക്ക് ഏറെ ദൂരമുണ്ട്. അത് സംസ്കാരസമ്പന്നരായ മലയാളികൾക്ക് നന്നായിട്ട് അറിയാം.