എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണം.പുതിയ ഫേസ്ബുക്ക്  പോസ്റ്റുമായി ജി ശക്തിധരന്‍ രംഗത്ത്

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എഫ് ഐ ഐര്‍ രജിസ്റ്റര്‍ ചെയ്യണം. തെളിവുള്ളത് കൊണ്ടായിരിക്കും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയന്‍റേയും പി രാജീവിന്‍റെയും പേര് ധ്വനിപ്പിച്ച് ശക്തിധരന്‍ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ,ചെന്നിത്തല അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് .

കണക്കിൽ പെടാത്ത രണ്ട് കോടി 35 ലക്ഷം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസിൽ താമസിച്ച് സമാഹരിച്ച് കൈതോലപ്പായയിൽ കെട്ടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു ജി ശക്തിധരന്‍റെ ആദ്യ ആരോപണം. ഫേസ്‌ബുക്ക് പോസ്റ്റിൽ ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല. സംഭവത്തിൽ ബെന്നി ബെഹ്നാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശക്തിധരന്‍റെ മൊഴിയെടുത്തെങ്കിലും ആരുടേയും പേര് വെളിപ്പെടുത്തിയില്ല. ഫെയ്സ് ബുക്ക് പോസ്റ്റിന് അപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു നിലപാട്. കേസ് തന്നെ അപ്രസക്തമായ ഘട്ടത്തിലാണ് ഇപ്പോൾ ആരോപണങ്ങളിൽ പേരടക്കം ധ്വനിപ്പിക്കുന്ന പുതിയ പോസ്റ്റുമായി ശക്തിധരൻ ഇന്നലെ രംഗത്തെത്തിയത്. 

അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ഇന്നത്തെ മന്ത്രി പി രാജീവുമാണ് പണം കൊണ്ട് പോയതെന്ന് തുറന്നെഴുതിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് പോസ്റ്റിലെ ചോദ്യം. അത് മാത്രമല്ല കോവളത്ത് ഗൾഫാര്‍ മുഹമ്മദലിയുടെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടിലിന്‍റെ പേര് എഴുതിയ രണ്ട് വലിയ കവറിൽ വച്ച പാക്കറ്റ് രാത്രി പതിനൊന്ന് മണിയോടെ എകെജി സെന്ററിലെ മുഖ്യകവാടത്തിന് മുന്നിൽ കാറിലിറക്കിയത് പിണറായി വിജയനാണെന്ന് എഴുതിയാലും ഒന്നും സംഭവിക്കാനില്ലെന്നും പോസ്റ്റിൽ പറയുന്നു. ആരോപണം കെട്ടുകഥയാണെന്നായിരുന്നു പി.രാജീവിന്‍റെ പ്രതികരണം.

ഇന്ന് ജി ശക്തിധരന്‍ പുതിയ പോസ്റ്റുമായെത്തി.ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവർക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം പുത്തൻകൂറ്റു നേതാക്കൾ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം ചാനൽ ചർച്ചകളിൽ വ്യക്തിഹത്യ നത്തുകയാണ്. അതിനുള്ള മറുപടിയായിരുന്നു ഇന്നലത്തെ പോസ്റ്റെന്നും ശക്തിധരന്‍ വിശദീകരിക്കുന്നു.

ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജിഎം കരിമണൽ കർത്തയുടെ പണം വാങ്ങിയെന്ന് ജി ശക്തിധരൻ