മുഖ്യമന്ത്രി പറഞ്ഞത് ദില്ലിയിൽ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

കോട്ടയം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞത് ദില്ലിയിൽ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്‍റെ പാർട്ടിയിൽ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ആളുകളെ പറ്റിക്കുകയാണ്. ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണിത്. ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമോ, പാർട്ടിക്കാര്യമോ അല്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കൊടിയ അഴിമതിയാണ് പിണറായി വിജയന്‍റെ ഒന്നാം സര്‍ക്കാരും രണ്ടാം സര്‍ക്കാരും നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസയോഗ്യമായ അന്വേഷണമുണ്ടായാൽ മാത്രമേ വസ്തുതകൾ പുറത്ത് വരൂ. മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇ പി ജയരാജനും പി ജയരാജനും തമ്മിലുള്ള തർക്കമായി ഇതിനെ കാണാൻ കഴിയില്ല. ഇടത് മുന്നണി ഗവൺമെന്‍റിന്‍റെ കാലത്തെ അഴിമതികൾ ഓരോന്നോരാന്നായി പുറത്ത് വരേണ്ടതായിട്ടുണ്ട്. അതിനനുസരിച്ചുള്ള സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുവെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതികരിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.