തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയ്ക്കിടെ പൊലീസുകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച സംഭവത്തിൽ 5 പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പാർട്ടി ഓഫീസിലെത്തി നേതാക്കൾക്ക് ഷാൾ അണിയിച്ചത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് നടപടി. അങ്ങനെയെങ്കിൽ തന്‍റെ സെക്യൂരിറ്റി ജീവനക്കാരെകൂടി സർക്കാർ സസ്പെന്‍റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. 

ഐശ്യര്യ കേരള യാത്ര കൊച്ചിയിലെത്തിയതിന് പിറകെയാണ് ഡിസിസി ഓഫീസിൽ നേതാക്കളെ ഷാൾ അണിയിക്കുന്ന പോലീസ് ഓഫീസർമാരുടെ ഫോട്ടോ പുറത്ത് വന്നത്. കെപിസിസി പ്രസിഡന്റിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയും പുറത്ത് വന്നതിലുണ്ട്. സംഭവം വിവാദമായതോടെയാണ് കമ്മീഷണർ എച്ച് നാഗരാജു  അന്വേഷണത്തിന് ഉത്തരവിട്ട്. സ്പെഷ്യൽ ബ്രാ‌ഞ്ചിന്‍റെ പ്രഥമിക റിപ്പോർട്ട് കിട്ടിയശേഷമാണ് ഉദ്യോദസ്ഥരെ സസ്പെന്‍റ് ചെയ്തത്. ആലുവ റൂറൽലിലെ  കല്ലൂർ‍ക്കാട് എ.എസ്ഐ ബിജു, സിറ്റി കൺട്രോൾ റൂം എ.എസ്ഐ ഷിബു  ചെറിയാൻ, ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ ജോസ് ആന്‍റണി, സിപിഒ മാരായ ദീലീപ് സദാനന്ദൻ,  സിൽജൻ എന്നിവരാണ് സസ്പെന്‍റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ.

പാർട്ടി ഓഫീസിൽ എത്തി നേതാക്കളെ സ്വീകരിക്കുന്നത് സർവ്വീസ് ചടങ്ങളുടെ ലംഘനം ആണെന്ന് വ്യക്തമാക്കിയാണ് നടപടി. അതേസമംയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ക്യാബിനറ്റ് പദവിയുള്ള തന്നെ കാണാൻ എത്തിയതിൽ തെറ്റിലെന്ന് പറഞ്ഞ ചെന്നിത്തല പോലീസുകാർ പരസ്യമായി വേദിയിൽ എത്തി അഭിവാദ്യം അർപ്പിച്ചിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു

ഉദ്യോഗസ്ഥർക്കെതിരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലുവ റൂറലിലും സിററിയിലും അന്വേഷണവും നടക്കും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർ. ഡ്യൂട്ടി കഴിഞ്ഞ് നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്നും എല്ലാ കാലത്തും ഇത് പതിവാണെന്നും നേതാക്കൾ പറയുന്നു.