ആർ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്ക്കോ അദ്ദേഹത്തിൻ്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നാണ് വിശദീകരണം.
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോൾ നടക്കുന്നത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആർ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്ക്കോ അദ്ദേഹത്തിൻ്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നാണ് വിശദീകരണം.
ഡിസിസി പട്ടിക ഇറങ്ങിയാൽ എ ഗ്രൂപ്പിനെയും ചേർത്ത് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ് ആപ് ചാറ്റ് പുറത്തുവന്നിരുന്നു. ചെന്നിത്തലയെ അനുകൂലിക്കുന്ന ആർസി ബ്രിഗേഡ് എന്ന പേരിലുള്ള വാട്സ് ആപ് ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ് പുറത്തായത്. വിഡി സതീശനും കെസി വേണുഗോപാലും ചേർന്നുള്ള കളിക്കെതിരെ നിൽക്കണമെന്നും പട്ടിക ഇറങ്ങിയാൽ പുതിയ ഗൂപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കണമെന്നുമാണ് ആഹ്വാനം.
ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരുമായും ആശയവിനിമയം നടത്തണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ചെന്നിത്തലയെ അനുകൂലിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഗ്രൂപ്പിൽ ഉള്ളതെന്നാണ് പുറത്ത് വന്ന ചാറ്റിൽ നിന്നും വ്യക്തമാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
