തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നടക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി കെ ടി ജലീലാണ് എസ്എഫ്ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

എസ്എഫ്ഐ സാമൂഹ്യവിരുദ്ധരുടെ താവളമായി ക്യാംപസുകളെ മാറ്റുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ ടി ജലീൽ എന്ന നാണം കെട്ട മന്ത്രിയാണ് എസ്എഫ് ഐ നേതാക്കളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നത്.  എസ്എഫ്ഐയുടെ ശവദാഹം നടത്തണമെന്ന് എതിരാളികള്‍ ആവശ്യപ്പെടുന്നെന്നാണ് ജലീല്‍ പറയുന്നത്. അതുകൊണ്ട് ജലീല്‍ എന്താണ് ഉദ്ദ്യേശിക്കുന്നത്, വിദ്യാർത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ? എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.