ജനുവരി 31  വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.  'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. നേരത്തെ ഫെബ്രുവരി 1 നാണ് യാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം എം ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ധര്‍ണ്ണ നടത്തും. സ്വര്‍ണ്ണക്കടത്തിനും, ഡോളര്‍ കള്ളക്കടത്തിനും സഹായം നല്‍കിയ മുഖ്യമന്ത്രിയും, സ്പീക്കറും രാജിവയ്ക്കുക, രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക, കേന്ദ്രഗവണ്‍മെന്‍റ് പാസ്സാക്കിയ കര്‍ഷക കരി നിയമങ്ങള്‍ പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരില്‍ നടന്ന അനധികൃത, കരാര്‍, താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുക, പിഎസ്സി റാങ്കു ലിസ്റ്റില്‍നിന്ന് നിയമനങ്ങള്‍ നടത്തുക, വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ലേല ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കര്‍ഷകരുടെ 2 ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജനുവരി 23 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് ധര്‍ണ്ണനടത്തുന്നതെന്ന് എംഎം ഹസ്സന്‍ അറിയിച്ചു.