തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കൽ പ്രമേയത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്ത് സൂക്ഷിക്കാനാണ് പ്രവര്‍ത്തിച്ചത്. സ്വന്തം ജോലി ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നപ്പോഴാണ് പ്രമേയം അടക്കമുള്ള ആവശ്യങ്ങളുമായി മുന്നോട്ട് വന്നതെന്നും ചെന്നിത്തല പറഞ്ഞു. 

സഭാ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തള്ളി പരസ്യ പ്രസ്താവന നടത്തുന്ന ഗവര്‍ണറുടെ നടപടി അംഗീകരിക്കാനെ കഴിയില്ല. അത് മനസിലാക്കാൻ ഇടത് മുന്നണി തയ്യാറാകണം. സര്‍ക്കാരിനെയും ഗവര്‍ണറേയും തമ്മിലടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നാണ് മന്ത്രി എകെ ബാലന്‍റെ പ്രതികരണം. അവരെ തമ്മിലടിപ്പിച്ചിട്ട് എന്ത് നേടാനാണെന്നെങ്കിലും എകെ ബാലൻ ഓര്‍ക്കണമെന്നും അതാണ് നിയമ മന്ത്രിയുടെ നിലപാടെങ്കിൽ ആ കഷ്ടം എന്ന് മാത്രമെ പറയാനുള്ളു എന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. 

ഗവര്‍ണറെ പുറത്താക്കാൻ പ്രമേയാവതരണത്തിന് അനുമതി തേടിയതിനെതിരെ വലിയ വിമര്‍ശനമാണ് ഇടത് മുന്നണി കൺവീനറും നടത്തിയത്. വിസിലടിക്കും മുമ്പോ ഗോളടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു എന്ന ആരോപണം അതേ നിലപാടോടെ തള്ളിക്കളയുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയം കളിക്കുന്നത് ഇടത് മുന്നണിയും എകെ ബാലനുമാണെന്നും രമേശ് ചെന്നിത്തല മറുപടി നൽകി. 

മൈ ഗവര്‍ണമെന്‍റ് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. തിരിച്ച് മൈ ഗവര്‍ണര്‍ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ട് തന്നെയാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവുമായി  മുന്നോട്ട് പോകെണ്ടിവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാൻ വേണ്ടിയാണ് പുറത്താക്കൽ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അത് മുഖ്യമന്ത്രിയായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. സഭയുടെ അന്തസ് കാക്കാൻ സഭാ നേതാവിന് കഴിയാതിരുന്നപ്പോഴാണ് പ്രതിപക്ഷ നേതാവിന് പ്രമേയാനുമതി തേടേണ്ടി വന്നത്. സര്‍ക്കാര്‍ പൂര്‍ണ്ണ മനസോടെ പ്രമേയത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം സംസാരിക്കാൻ തയ്യാറായിട്ടില്ല. ഫെഡറലിസത്തിന് വലിയ വെല്ലുവിളിയാണ് ബിജെപി അഴിച്ച് വിടുന്നത്. അതിന് ഗവര്‍ണര്‍മാരെ കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുകയാണ്. അതുകൊണ്ട് ഗവര്‍ണറുടെ നിലപാടിനെ നിസ്സാരമായി കാണാൻ കഴിയില്ല. ബിജെപിയുടെ വൻ അജണ്ട തിരിച്ചറിയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.