തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്ന അലനും താഹയ്ക്കും പത്ത് മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചതിൽ  സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും ,ഭരണത്തിലേറിയാല്‍ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും ചെന്നിത്തല വിമർശിച്ചു. 

അലനെയും  താഹയെയും യുഎപിഎ ചുമത്തി ജയിലിലാക്കിയതിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശി ഉപേക്ഷിച്ചില്ല. യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് ഇപ്പോള്‍ പറയുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകൾക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകൾ.

കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി വിധി പറഞ്ഞത്. എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്. ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

Read Also: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലനും താഹയ്ക്കും ജാമ്യം; സന്തോഷമെന്ന് എം എ ബേബി...