Asianet News MalayalamAsianet News Malayalam

പാവപ്പെട്ടവര്‍ക്കുള്ള ഓണക്കിറ്റ് ഇത്തവണയില്ലാത്തത് സർക്കാരിന്‍റെ കടുത്ത വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ്

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട  ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 

Ramesh Chennithala response about govt stopped giving onam kit for poor
Author
Thiruvananthapuram, First Published Sep 10, 2019, 12:52 PM IST

തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് ദില്ലിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികൾ സൃഷ്ടിച്ച് ധൂർത്ത് തുടരുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണ് ധനവകുപ്പ് ചെലവാക്കിയത്. ഭക്ഷ്യവകുപ്പ്  മന്ത്രിയുടെ വിശദീകരണം നിരാശാജനകം. പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തിൽ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്കോ ഔട്ട് ലെറ്റിൽ എത്തി വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക് ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്.

കൂടുതല്‍ വായിക്കാം; പട്ടിണിപ്പാവങ്ങളെ തഴഞ്ഞോ സര്‍ക്കാര്‍? ആര്‍ക്കും ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇല്ല

കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. ഈ ഓണത്തിന് അതും ഇല്ലാതാകുകയാണ്. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്കോ വിശദീകരിക്കുന്നത്. മറ്റ് പല സൗജന്യങ്ങളും അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നാണ് സര്‍ക്കാർ നൽകുന്ന വിശദീകരണം.

അതേസമയം, അധിക ചെലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്.

കൂടുതല്‍ വായിക്കാം; ഓണക്കിറ്റ് വേണ്ടെന്ന് വച്ചത് അധികചിലവ് താങ്ങാന്‍ പറ്റാത്തതിനാല്‍; മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി

വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്സിഡി ഇനങ്ങള്‍ നല്‍കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാധ്യത ഏറ്റടെത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വ്വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ അധിക ചിലവ്  ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios