തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം പലായിലും ആവർത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പാലായിൽ കേരള കോൺ​ഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും തെറ്റുതിരുത്തൽ രേഖയിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

അതേസമയം,സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥിയെച്ചൊല്ലി തര്‍ക്കം തുടരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗങ്ങളോട്, പരസ്പരം പോരടിച്ച് വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു ദിവസത്തിനകം പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നത്തില്‍ സമവായമുണ്ടാക്കണമെന്നും തിങ്കളാഴ്ച യുഡിഎഫ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പി ജെ ജോസഫ് ചൊവ്വാഴ്ച വ്യക്തമാക്കി. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാകും പാലായില്‍ യുഡിഎഫിനു വേണ്ടി മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.