തിരുവനന്തപുരം: കിഫ്ബി  വഴി നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാന്‍  ധനകാര്യമന്ത്രി തോമസ് ഐസക്  പാഴ്ശ്രമം നടത്തുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയെന്ന പേരില്‍  കഴിഞ്ഞ ദിവസം അദ്ദേഹം  നടത്തിയ പത്രസമ്മേളനത്തില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി  ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ഫലത്തില്‍  അംഗീകരിക്കുന്ന  നിലപാടിലേക്ക്  അദ്ദേഹത്തിന്  എത്തിച്ചേരേണ്ടി വന്നെന്നും  രമേശ് ചെന്നിത്തല  പറഞ്ഞു.

കിഫ്ബി പദ്ധതികളെ 'അലമ്പാക്കി'ക്കൊണ്ടിരിക്കുന്നത് ധനകാര്യ മന്ത്രി തന്നെയാണെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് കാലത്തും പദ്ധതികളില്‍ ടെന്‍ഡര്‍ എക്‌സസ്  കൊടുത്തിരുന്നു എന്നാണ് വലിയ കണ്ടു പിടിത്തം നടത്തിയതു പോലെ ധനകാര്യമന്ത്രി പറയുന്നത്. 24 പദ്ധതികളുടെ വിശദാംശവും അദ്ദേഹം പുറത്തു വിട്ടു. പക്ഷേ ഈ 24 പദ്ധതികളുടേയും ആകെ കരാര്‍ തുക വെറും 34 കോടി രൂപയാണ്. 

പക്ഷേ താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് 800 കോടി രൂപയുടെ കരാറിനെപ്പറ്റിയാണ്. അതില്‍ കൂട്ടിക്കൊടുത്തിരിക്കുന്നത് 261 കോടി രൂപയാണ്. ധനമന്ത്രി പറയുന്ന യു.ഡി.എഫ് കാലത്തെ  24 പദ്ധതികളിലെ ടെണ്ടര്‍ നിരക്ക്  വര്‍ദ്ധനവിനെക്കാള്‍ 10 ഇരട്ടിയാണ്  ഇപ്പോഴത്തെ കിഫ്ബി പദ്ധതികളുടെ നിരക്ക്  വര്‍ദ്ധനവ്. ഇത് മറച്ചു വച്ച്, യു.ഡി.എഫ് കാലഘട്ടത്തില്‍ നടപ്പാക്കിയ ചെറുകിട പദ്ധതികളുടെ മറപിടിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.  

Read Alsoകിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും, സിഎജിയ്ക്ക് മറുപടി നൽകും: വിശദീകരിച്ച് ധനമന്ത്രി 

ഇനി ഐസക് ബോധപൂര്‍വം മറച്ചുവെച്ച മറ്റൊരു കാര്യം. ടെണ്ടര്‍ നിയമങ്ങളില്‍ മാറ്റം വരുത്തി 2017  ഫെബ്രുവരിയിലാണ്  അന്നത്തെ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി   പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്. രണ്ടു പ്രാവശ്യം 10 ശതമാനത്തിലധികം  ടെന്‍ഡര്‍ എക്സ്സ്സ് വരുകയാണെന്നെങ്കില്‍  റീഎസ്റ്റിമേറ്റ് ചെയ്യണമെന്ന വ്യവസ്ഥ അതനുസരിച്ചാണ് വന്നത്.  പക്ഷെ ഐസക് പറഞ്ഞിരിക്കുന്ന യു.ഡി.എഫ് കാലത്തെ 24  പദ്ധതികളും  ടെണ്ടര്‍ ചെയ്തിരിക്കുന്നത് 2013 -2015 വരെയാണ്.

ഈ നിയമം നടപ്പിലാക്കുന്നതിന് മുന്‍പേയുള്ള 20 ലക്ഷം മുതല്‍ 3  കോടിവരെയുള്ള പദ്ധതികളുടെ കൂട്ടുപിടിച്ചു 261 കോടിയുടെ ടെണ്ടര്‍  വര്‍ദ്ധനവ് ന്യായികരിക്കുന്നത്  ധനതത്വ ശാസ്ത്രജ്ഞനായ  ധനമന്ത്രിക്ക് ഭൂഷണമല്ല.  കിഫ്ബി വഴി നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അടിസ്ഥാനത്തില്ല മറിച്ചു സര്‍ക്കാരിന്റെ നിയമങ്ങളുടേയും  ഉത്തരവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം എന്ന ത്രികക്ഷി കരാറിലെ നിബന്ധന ഐസക് വായിക്കണം. 

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്റ്റെര്‍ലൈറ്റിനും, എല്‍ ആന്‍ഡ് ടിക്കും  നല്‍കിയ ഈ കരാറുകള്‍ നിയമാനുസൃതമല്ല. ഇവിടെയാണ് താന്‍ പറയുന്ന അഴിമതി നടന്നിരിക്കുന്നത്. രണ്ടു മൂന്ന് കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി ഒരു 'കാര്‍ട്ടല്‍' രൂപപ്പെടുത്തി അവര്‍ പരസ്പര ധാരണയോടെ ഉയര്‍ന്ന നിരക്കില്‍ പദ്ധതികള്‍ വീതിച്ചെടുക്കുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ടിനാണ് സര്‍ക്കാര്‍  കരാറുകള്‍ നല്‍കിയിരിക്കുന്നത്.

ഡി.എസ്.ആര്‍ റേറ്റ് അല്ല  മറിച്ചു സ്റ്റെര്‍ലൈറ്റ്  കമ്പനി നല്‍കിയ സ്പെഷ്യല്‍ റേറ്റാണ് എസ്റ്റിമേറ്റിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന എന്റെ വാദത്തിനു ഐസക് നല്‍കിയ മറുപടി വിചിത്രമാണ്.  ഡി.എസ്.ആര്‍ റേറ്റ് നടപ്പിലാക്കിയത് പ്രതിപക്ഷ നേതാവ്  ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് എന്നാണ് അദ്ദേഹം പറുന്നത്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് ഉത്തരമാണ് ഇവിടെ ധനമന്ത്രി നല്‍കുന്നത്. 

സി.പി.എം മുഖപത്രം നല്‍കിയ വിശദീകരണം  തന്നെ എന്റെ വാദത്തെ അംഗീകരിക്കുണ്ട്. തോമസ്  ഐസക് പാര്‍ട്ടി പത്രമൊന്നു വായിച്ചു നോക്കിയാല്‍ നന്നായിരിക്കും. ത്രികക്ഷി കരാറിലൂടെ നടത്തുന്ന ടെന്‍ഡര്‍ നടപടികളില്‍  സര്‍ക്കാര്‍ ഉത്തരവ് മാത്രമേ ബാധകമാവു എന്നെഴുതി വച്ചതിനു ശേഷം ബോര്‍ഡ് കാല്‍നൂറ്റാണ്ടായി അവരുടെ രീതിയില്‍ തുടരുന്നു എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം?  

Read Also: കെഎസ്ഇബി സിപിഎമ്മിന്‍റെ കറവപ്പശു; ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല

കെ എസ് ഇ ബി 240  കോടി രൂപയായി എസ്റ്റിമേറ്റ് തയ്യാറാക്കിയ കോലത്തുനാട് പദ്ധതി 132 കോടി രൂപ കൂട്ടിക്കൊടുത്താണ്   372  കോടി രൂപയ്ക്ക് സ്റ്റെര്‍ലൈറ്റിനു കരാര്‍ നല്‍കിയത്.  210  കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ കോട്ടയം  പദ്ധതി 129 കോടി രൂപ കൂടെ കൂട്ടി  339 കോടി രൂപയ്ക്കാണ്  എല്‍ ആന്‍ഡ് ടിക്ക്  നല്‍കിയത്. ഇതില്‍ രണ്ടിലും  കോടികളുടെ അഴിമതിയുണ്ടെന്നാണ് ഞാന്‍ ആരോപിച്ചത്.

കിഫ്ബി  വഴി നടപ്പിലാക്കുന്ന   ഈ പദ്ധതികളിലെ ടെന്‍ഡര്‍ വര്‍ദ്ധനവിനെക്കുറിച്ച്   ഞാന്‍ ആരോപണമുന്നയിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റു ടവര്‍ പദ്ധതികളുടെ എസ്റ്റിമേറ്റുകളുടെ ടെന്‍ഡര്‍ എക്സ്സ്സ് കൂടി   ഉള്‍പ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഐസക് ശ്രമിക്കുന്നത്.  ട്രാന്‍സ്ഗ്രിഡുമായി ബന്ധപ്പെട്ട 9 പദ്ധതികളില്‍ 20  ശതമാനം മാത്രമേ ടെന്‍ഡര്‍ വര്‍ദ്ധനവുള്ളൂ  എന്നാണ് ഐസക്കിന്റെ അവകാശവാദം.  

കാലാകാലങ്ങളില്‍ ടവര്‍  പദ്ധതികളില്‍ എസ്റ്റിമേറ്റ്  തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടെന്‍ഡര്‍ നടക്കാറുള്ളത്. ഇത് മറച്ചുവച്ചുകൊണ്ടാണ് ഐസക് കണക്കുകൊണ്ട് കള്ളം കാണിക്കുന്നത്. എന്റെ ആരോപണം  കോട്ടയം കോലത്തുനാട് ട്രാന്‍സ്ഗ്രിഡ് പദ്ധതികളില്‍ 55 മുതല്‍ 65 ശതമാനം വരെ ടെന്‍ഡര്‍ എക്സ്സ്സ് നല്കിയതിലെ അഴിമതിയെ കുറിച്ചാണ്. ലൈന്‍സ് പദ്ധതികളില്‍ മാത്രം എത്രയാണ് എക്സ്സ്സ് എന്ന് ഐസക് വെളിപ്പെടുത്താന്‍ തയാറാകണം.

കിഫ്ബി പദ്ധതികളില്‍ നടക്കുന്ന അഴിമതിയുടെ വ്യാപ്തി തുറന്നുകാട്ടുന്നതിനായി 11 ലക്ഷത്തിന്റെ പദ്ധതി 11 കോടിയായി മാറിയ  ചിത്തിരപുരം പദ്ധതിയെക്കുറിച്ചു ഞാന്‍ മുഖ്യമന്ത്രിയോട്  ചോദ്യം ചോദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത് 10 ലക്ഷം എന്ന എസ്റ്റിമേറ്റ്   തുക  ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല എന്നാണ്.  എന്നാല്‍ കിഫിയുടെ ഫേസ്ബുക് പേജില്‍  നല്‍കിയിരിക്കുന്ന  വിശദീകരണം മുഖ്യമന്ത്രിയുടെ വാദത്തെ  ഖണ്ഡിക്കുന്നതാണ്. 

ചിത്തിരപുരം സബ്സ്റ്റേഷന്റെ എസ്റ്റിമേറ്റില്‍ ലാന്‍ഡ് ഡെവലപ്മെന്റിനു 10 ലക്ഷം രൂപയാണ് കെ എസ് ഇ ബി ലംസം പ്രൊവിഷന്‍  ആയി വകയിരുത്തിയിരുന്നത് എന്ന് കിഫ്ബി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് പിന്നീട് 11 കോടിയായി മാറിയ മറിമായം എങ്ങനെ സംഭവിച്ചു?   ഇതിനെപ്പറ്റി അന്വേഷിക്കണം. യു.ഡി.എഫിന്റെ കാലത്തെ പദ്ധതികള്‍ക്ക് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം വാങ്ങിയിരുന്നു. 

എന്നാല്‍ ഇപ്പോഴത്തെ കിഫ്ബി വഴിയുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതികള്‍ക്ക് റഗുലേറ്ററി കമ്മീഷന്റെ അംഗീകാരമുണ്ടോ എന്ന് ധനമന്ത്രി വ്യക്തമാക്കണം. കൂടാതെ യു.ഡി.എഫ് കാലത്തെ മിക്ക പദ്ധതികളുടെയും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത് ഡി.എസ്.ആര്‍ റേറ്റിലല്ല, മറിച്ച് എസ്.ഒ.ആര്‍ നിരക്കിലാണ്.

800 കോടി രൂപയുടെ കോട്ടയം,  കോലത്തുനാട് പദ്ധതികളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനോടൊപ്പം യു  ഡി  എഫ് കാലഘട്ടത്തിലെ 34 കോടി രൂപയുടെ  24 പദ്ധതികളിലും  സി ബി ഐ അന്വേഷണം നടത്താന്‍  രമേശ് ചെന്നിത്തല തോമസ് ഐസക്കിനെ  വെല്ലുവിളിച്ചു.