തിരുവനന്തപുരം: സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് പേടിയാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാർ എന്തോ മറച്ചുവയ്ക്കുന്നു. ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നു. മുഖ്യമന്ത്രി അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു. കണ്ണൂരിലെ യുഡിഎഫ് ജില്ലാ നേതൃയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.