തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നൽകിയില്ല. ഭയമായതുകൊണ്ടാണ് എജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു.

ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കെ എസ് ഇ ബി ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നാണ് ചെന്നിത്തല പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്താണ് ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകിയത്.  എന്നാൽ ഉത്തരവിറങ്ങിയത് തെരഞ്ഞെടുപ്പിനു ശേഷമാണ്. സിഎജി ഓഡിറ്റ് വേണ്ട എന്ന നിലപാടിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. വൈദ്യുതി മന്ത്രി സ്വന്തം ബന്ധുവിന്റെ   സംഘത്തിന് കരാര്‍ പാട്ടത്തിന്  കൊടുത്തു. അതിന്‍റെ വിശദാംശങ്ങൾ പുറത്ത് വിടണം. പുതുതായി 70 ബാറുകൾ അനുവദിച്ചതിൽ അഴിമതിയുണ്ട്. മാവേലി സ്റ്റോറുകൾ പോലും ഇത്രവേഗം അനുവദിക്കില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Read Also: ഷാനിമോള്‍ക്കെതിരായ 'പൂതന' പരാമർശത്തിൽ കുടുങ്ങി ജി സുധാകരൻ

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജി സുധാകരൻ  നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പ്രസ്താവനയെ നിയമപരമായി നേരിടും. സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. നാട്ടിൽ നടക്കുന്ന എല്ലാ വെട്ടിപ്പുകളുടെയും വിവരങ്ങള്‍ പുറത്തുവരുമ്പോഴും അതില്‍  കോടിയേരിയുടേയും കുടുംബത്തിന്റെയും  പേര് വരുന്നത് എന്ത് കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Read Also: കിഫ്ബിയിലും കിയാലിലും സമഗ്ര സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്