Asianet News MalayalamAsianet News Malayalam

'അച്യുതാനന്ദനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി, ചെകുത്താൻ വേദമോതണ്ട', ചെന്നിത്തല

''പി ആർ ഏജൻസി അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടല്ലോ. തള്ള് ഇത്തിരി കൂടിപ്പോയി. മയത്തിൽ തള്ളണമായിരുന്നു'', എന്ന് ചെന്നിത്തല. ഇതിനിടെ, ഭരണകക്ഷിയിൽ നിന്ന് ടി വി രാജേഷുമായും മന്ത്രി ഇ പി ജയരാജനുമായും ചെന്നിത്തല കൊമ്പുകോർത്തു.

ramesh chennithala versus pinarayi in niyamasabha
Author
Thiruvananthapuram, First Published Jan 14, 2021, 1:57 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അടിയന്തരപ്രമേയചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപരാമർശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 8 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി വിജയനെന്ന് ചെന്നിത്തല ആരോപിച്ചു. പി ടി തോമസിനെ നിയന്ത്രിക്കാൻ ഗ്രൂപ്പ് പോര് കാരണം ചെന്നിത്തലയ്ക്ക് കഴിയില്ലല്ലോ എന്ന പിണറായിയുടെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷനേതാവ്. 

നടപ്പു സമ്മേളനത്തിൽ ഭരണകക്ഷിക്ക് എതിരെ തണുപ്പൻ സമീപനമെന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചുള്ള  തന്ത്രത്തിലേയ്ക്ക്  പ്രതിപക്ഷം മാറിയത്. പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണത്തിന് അതേ നാണയത്തിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അണികളെ ആവേശം കൊള്ളിക്കാനുള്ള  വാക് യുദ്ധം  ഇരുപക്ഷവും നിയമസഭയിൽ നിന്ന് തന്നെ തുടങ്ങുകയാണ്.

''പി ആർ ഏജൻസി അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടല്ലോ. തള്ള് ഇത്തിരി കൂടിപ്പോയി. കേട്ടോ. ഇത്തിരി മയത്തിൽ തള്ളണമായിരുന്നു'', എന്ന് ചെന്നിത്തലയുടെ പരിഹാസം.

ഇതിനിടെ, എ കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോഴാണ് എം ശിവശങ്കറിന് ഐഎഎസ് കിട്ടിയതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മേൽ മന്ത്രി ഇ പി ജയരാജനും ചെന്നിത്തലയും തമ്മിൽ തർക്കമായി. 1994-ലെ ലിസ്റ്റിലാണ് എം ശിവശങ്കർ വന്നത്, അന്ന് മുഖ്യമന്ത്രി ഇ കെ നായനാരാണ് മുഖ്യമന്ത്രി എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ 1990-ൽ ആണ് ശിവശങ്കർ സർവീസിൽ കയറിയത്. അന്ന് ആന്‍റണിയാണ് മുഖ്യമന്ത്രിയെന്ന് ഇപി. അവസാനം നമുക്ക് നോക്കാം എന്ന് പറഞ്ഞ്, രണ്ട് പേരും ആ തർക്കം നിർത്തി.

''പി ടി തോമസിന്‍റെ ഗ്രൂപ്പിനെപ്പറ്റിപ്പറ്റി പറഞ്ഞല്ലോ. 18 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി വിജയൻ. അങ്ങനെയുള്ളയാൾ ഞങ്ങളെ നോക്കി ഗ്രൂപ്പിനെപ്പറ്റി പറയണ്ട. ഗ്രൂപ്പു കളിയുടെ ആശാനാണ് പിണറായി'', എന്ന് ചെന്നിത്തല പറഞ്ഞപ്പോഴേയ്ക്ക് ഭരണകക്ഷിയിൽ നിന്ന് ബഹളം രൂക്ഷമായി. 
 
ബഹളത്തിനിടയിലും ലാവലിൻ കേസിനെക്കുറിച്ച് ചെന്നിത്തല പ്രസംഗം തുടർന്നു. ''ലാവലിൻ കേസ് എവിടെത്തീർന്നു? സുപ്രീംകോടതിയിൽ ഇപ്പോഴും അപ്പീൽ നിൽക്കുന്നു. 20 തവണ കേസ് മാറ്റി. ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര നിലനിൽക്കുന്നു. ചെകുത്താൻ വേദമോതുകയാണിവിടെ. അദ്ദേഹം വിശുദ്ധനാകാൻ നോക്കുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്'', എന്ന് ചെന്നിത്തല.  

ഇതിനിടെ, ഭരണകക്ഷിനിരയിൽ നിന്ന് ചെന്നിത്തലയ്ക്ക് എതിരെ പ്രതിഷേധിച്ച ടി വി രാജേഷ് എംഎൽഎയെ നോക്കി ചെന്നിത്തല ക്ഷുഭിതനായി. ''ഇയാക്ക് എന്ത് പറ്റി? എന്തുവാ വേണ്ടേ? എന്നാ ആര് പ്രസംഗിക്കുന്നുവെന്ന് കാണാം. എന്‍റെ അച്ഛനേം അമ്മേം നോക്കി ഞാൻ കരഞ്ഞിട്ടില്ല. അച്ചാ, അമ്മേ, വീട്ടുകാരേ എന്നൊന്നും ടിവി ചാനലുകളുടെ മുന്നിൽ നിന്ന് ഞാൻ കരഞ്ഞിട്ടില്ല. എന്നെക്കൊണ്ട് അങ്ങനെ പറയിക്കണ്ട. കരഞ്ഞതാരാന്ന് എല്ലാർക്കും അറിയാം രാജേഷേ'', എന്ന് ചെന്നിത്തല.  

മുഖ്യമന്ത്രി പറഞ്ഞു നിങ്ങളൊരു പ്രത്യേക ജനുസ്സാണെന്ന്. എം ശിവശങ്കറിന്‍റെ നിയമനത്തെച്ചൊല്ലി തർക്കമുണ്ടായി. ഇ പി ജയരാജനും ചെന്നിത്തലയും തമ്മിൽ. അഴിമതികൾ ഞങ്ങൾ ഉന്നയിക്കണം. 

അന്താരാഷ്ട്രകള്ളക്കടത്ത് മാഫിയയുടെ കേന്ദ്രമാവുകയാണ്. അങ്ങയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ അങ്ങേക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെ കേരളത്തെ നിയന്ത്രിക്കാൻ കഴിയും? എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെക്കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ല? അങ്ങനെ അറിഞ്ഞില്ലെന്ന് കേരളം വിശ്വസിക്കണോ? 

മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദർശകയായിരുന്നു സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതെങ്ങനെ? അവിടെ പ്രധാനപ്പെട്ട വിഭാഗത്തിലെ പ്രധാനഫയലുകൾ കത്തിയതെങ്ങനെ എന്ന് തുടങ്ങി, വിവിധ ഓഫീസുകളിലെ അനധികൃതനിയമനങ്ങൾ വരെ ചെന്നിത്തല എണ്ണിപ്പറഞ്ഞു. 

Follow Us:
Download App:
  • android
  • ios