കോഴിക്കോട്: രണ്ടാമൂഴം കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍റെ അപ്പീൽ ഫാസ്ട്രാക്ക് കോടതിയും തള്ളി. കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കും.

കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം ടി കോടതിയെ സമീപിച്ചത്. മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയിൽ ആവശ്യപ്പെട്ടത്. മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എം ടിയും  വ്യക്തമാക്കി. മധ്യസ്ഥൻ വേണമെന്ന ശ്രീകുമാർ മേനോന്‍റെ ആവശ്യം മുൻസിഫ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ശ്രീകുമാർ മേനോൻ അപ്പീലുമായി കോടതിയിൽ എത്തിയത്. അപ്പീൽ തള്ളിയ കോഴിക്കോട് ജില്ലാ ഫാസ്ട്രാക്ക് കോടതി കേസ് മുൻസിഫ് കോടതി തന്നെ പരിഗണിച്ചാൽ മതിയെന്നും വ്യക്തമാക്കി.

രണ്ടാമൂഴത്തിന്‍റെ തിരക്കഥ നാല് കൊല്ലം മുമ്പാണ് സിനിമയാക്കാനായി ശ്രീകുമാർ മേനോന് നൽകിയത്. കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എംടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.