തൃശ്ശൂര്‍: ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം തൃശ്ശൂരില്‍ ഇല്ലെന്ന് റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍. എല്ലാ കൊലപാതകങ്ങളിലും പ്രതികള്‍ പിടിയിലായെന്ന് ഡിഐജി അറിയിച്ചു. പല കൊലപാതകങ്ങളും വ്യക്തിപരമായ തര്‍ക്കങ്ങളുടെ പേരിലാണ് ഉണ്ടായത്. ഗുണ്ടാസംഘങ്ങളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡിഐജി സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  തൃശ്ശൂര്‍ കൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഡിഐജി എസ് സുരേന്ദ്രന്‍റെ പ്രതികരണം. 

ജില്ലയില്‍ കഴിഞ്ഞ 9 ദിവസത്തിനിടെ 7 കൊലപാതകങ്ങളാണ് ഉണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലും ഉള്‍പ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ- കഞ്ചാവ് സംഘങ്ങള്‍ ജില്ലയില്‍ പെരുകുന്നതാണ് ഇതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി ഏഴ് കൊലപാതകങ്ങള്‍ ഉണ്ടായത് യാദൃശ്ചികമാണെന്നും നിഷ്പക്ഷ അന്വേഷണം നടക്കുന്നുവെന്നും റേഞ്ച് ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് കേസുകളിലെ പ്രതികള്‍ക്ക് മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഉള്ളത്. ഈ കേസുകളില്‍ എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: ഒമ്പത് ദിവസം, കൊല്ലപ്പെട്ടത് 7 പേർ, തൃശ്ശൂർ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാകുന്നോ?

ഈ സംഭവങ്ങള്‍ ഒരിക്കലും പൊതുജനങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ഡിഐജി പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്‍റലിജന്‍സ് സംവിധാനത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും ചിലത് വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.