മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്; നീക്കം എഫ്ഐആറിനെ തുടർന്ന്; പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷം തുടർനടപടി
അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.
തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.
ബംഗാളി നടിയുടെ പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് നടി കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. രഞ്ജിത്തിനെതിരെ നടി ഉന്നയിച്ച ആരോപണം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.