രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആദ്യം ഗുളിക വാങ്ങിയില്ലെന്നും ഡോക്ടറെ കാണാൻ പോകാമെന്നും സമ്മതിച്ചിരുന്നുവെന്ന മൊഴിയാണ് യുവതി നൽകിയത്. എന്നാൽ, ഡോക്ടര്‍ക്ക് പെണ്‍കുട്ടിയുടെ മാതാവിന് പരിചയമുള്ളതിനാൽ അവരെ കാണാൻ പറ്റില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി ഗുളികകള്‍ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. 

ഇത്തരത്തിൽ ജോബിയിൽ നിന്ന് ഗുളിക വാങ്ങിക്കുന്നതിനായി രാഹുൽ ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയെന്നാണ് പ്രധാന വാദം. ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം ഹാജരാക്കിയിരുന്നു. എന്നാൽ, രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കികൊണ്ടാണ് ഗുളിക രണ്ടാമത് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ ഇതിനെ ഖണ്ഡിച്ചുകൊണ്ട് വാദിച്ചത്. ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്ന വാദമാണ് രാഹുലിന്‍റെ അഭിഭാഷകൻ പ്രധാനമായും ഉയര്‍ത്തിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നതായിരുന്നു രണ്ടാമത്തെ വാദം. ഇത് രണ്ടും പൊളിച്ചുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഒരു പെണ്‍കുട്ടി അവരുടെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്നതിനിടെ ഒരു ജനപ്രതിനിധിയെ സഹായത്തിന് സമീപിച്ചപ്പോള്‍ അവിടെ ചൂഷണം നടക്കുകയാണ് ചെയ്തതെന്ന് സാഹചര്യം തെളിവുകളുടെയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷൻ വാദിച്ചത്. 

പല ആവശ്യങ്ങള്‍ക്കായി സമീപിച്ച പെണ്‍കുട്ടിയെ സുഹൃത്താക്കി. പിന്നീട് ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പിന്നീട് രാഹുൽ ആ ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള ശ്രമമാണ് നടത്തിയത്. തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് തയ്യാറാകാതിരുന്നപ്പോള്‍ ഗുളികമായി രാഹുൽ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം, രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടാകും. ഇന്നലെ തന്നെ വിശദമായ വാദം നടന്നതിനാൽ ഇന്ന് കാര്യമായ വാദമുണ്ടായേക്കില്ല. അതിനാൽ തന്നെ 12.30ഓടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധിയുണ്ടായേക്കും. ഇതിനിടെ, രാഹുലിനെതിരെ രണ്ടാമത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിൽ കേരളത്തിന് പുറത്തുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അൽപ്പസമയം മുമ്പ് രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിന്‍റെ ഡ്രൈവറെ പൊലീസ് പിടികൂടി. മലയാളി ഡ്രൈവറായ ജോസ് ആണ് പിടിയിലായത്. ജോസിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ് ഇതിലൂടെ രാഹുലിലേക്ക് എത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നത്.

YouTube video player