രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. 2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആര്‍
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. 2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആര്‍. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്. ഫെന്നി നൈനൻ ഓടിച്ച കാറിൽ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും എഫ്ആറിലുണ്ട്. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച കേരളത്തിന് പുറത്ത് കഴിയുന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലെ എഫ്ഐആര്‍ വിവരങ്ങളാണ് പുറത്തുവന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരാതി പൊലീസിന് കൈമാറിയിരുന്നു. ഇന്നലെയാണ് ഈ പരാതിയിൽ രാഹുലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തിൽ യുവതിയുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങളടക്കം ഇതിനോടകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കേസെടുക്കാൻ തീരുമാനിച്ചത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നനാൽ മുൻകൂര്‍ ജാമ്യം ലഭിക്കുന്നതിലടക്കം രാഹുലിന് കുരുക്കാകും. അതേസമയം, രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ക്കും. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷൻ രാഹുലിന്‍റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുക. ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയശേഷമായിരിക്കും കോടതി വിധി പറയുക.
ബലാത്സംഗ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് ആണ് രണ്ടാമത്തെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്‍പി സജീവനാണ് അന്വേഷണ ചുമതല. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ഇമെയിലായിട്ടാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദത്തിലൂടെ രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് വിവാഹ കഴിക്കില്ലെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് പരാതി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.



