തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരി​ഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരി​ഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യഹർജി നൽകിയത്.

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരി​ഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരി​ഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതോടെ രാഹുലിൻ്റെ അറസ്റ്റ് ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേരത്തെ രാഹുൽ സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും പാലക്കാട് രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നതെന്നാണ് വിവരം. 

പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. എംഎൽഎയുടെ ഓദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ട്. മറ്റൊരു വാഹനത്തിലാണ് രാഹുൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. രാഹുലിൻറെ ഡ്രൈവറും പേഴ്സണൽ അസി. ഫസലും പാലക്കാടുണ്ട്. ഫസലിൻറെ ഫോൺ വ്യാഴാഴ്ച വൈകീട്ട് മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ രാവിലെ മുതൽ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലുണ്ട്.

അതേസമയം, ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കൊടുത്ത മൊഴിയിൽ പറയുന്നു. രാഹുലിൻറെ ജാമ്യ ഹ‍ർജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിർണായക മൊഴി.

രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിവാഹിതയ്ക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നൽകും എന്ന രാഹുലിന്റെ വാദത്തിന് എതിരെയാണ് ഈ മൊഴി. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുമുണ്ട്. ഭർത്താവിൻ്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണ സംഘം ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കും. ഡോക്ടറുടെ മൊഴി കേസിൽ നിർണ്ണായകമാകും.

YouTube video player