രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫെന്നാണ് കേസ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹർജിയിൽ ജോബി ജോസഫ് പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതിന്‍റെ രേഖകൾ നേരത്തെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ഇതേ കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ബെംഗലൂരു സ്വദേശിനിയായ മലയാളിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 16 ദിവസത്തെ ഒളിവിന് ശേഷം തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. മണ്ഡലത്തില്‍ വീണ്ടും സജീവമാകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

YouTube video player